മലയാള സിനിമയുടെ ‘വല്ല്യേട്ടന്‍’ മമ്മൂട്ടിക്ക് പ്രായം 74 ആയി. എല്ലാ സെപ്റ്റംബര്‍ ഏഴിനും മമ്മൂട്ടിയെന്ന പേര് മലയാള സിനിമാലോകം ആഘോഷിക്കുന്നത് അപരിചിതത്വമില്ലാത്ത കാഴ്ചയാണ്. ചില്ലറ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മമ്മൂട്ടിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ജന്മദിനത്തില്‍ മലയാളികള്‍ ആഘോഷിക്കുന്നത്.
മമ്മൂട്ടി ‘മമ്മൂട്ടി’യായത് പെട്ടന്നൊരു സുപ്രഭാതത്തിലല്ല, മമ്മൂട്ടി മലയാള സിനിമയുടെ തലപ്പൊക്കത്തോളമെത്തിയത് അദ്ദേഹം തന്നെ പറയുംപോലെ തേച്ചുമിനുക്കിയും വീണുവീണ് വീഴ്ചകളില്‍ നിന്നു പഠിച്ചുമാണ്. ഒടുവില്‍ മമ്മൂട്ടിയുടെ തലപ്പൊക്കത്തിലൂടെ മലയാള സിനിമയും ഉയരംവെച്ചു.
1951 സെപ്റ്റംബര്‍ ഏഴിന് വൈക്കത്തെ ചെമ്പിലാണ് പാണപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ ജനനം. തേവര കോലേജിലെ പ്രീഡിഗ്രി കാലത്തും മഹാരാജാസിലെപഠനക്കാലത്തും സിനിമയില്‍ ചാന്‍സ് ചോദിച്ചു നടന്ന മുഹമ്മദ് കുട്ടി അഭിനയമോഹത്തിനു സാക്ഷാത്കാരം കണ്ടെത്തിയത് 1971 ഓഗസ്റ്റ് ആറിന്. കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രം അവസരം. അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു ചിത്രത്തിലെ നായകൻ. സത്യന്റെ അവസാന സിനിമകളിലൊന്ന് കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രങ്ങളിലൊന്ന് തന്നെ മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതിയായിരിക്കും.
മുഹമ്മദ് കുട്ടി ഒരു വക്കീലായാല്‍ മതിയെന്നാണ് ബാപ്പ ഇസ്മായിലിന്റെ ആഗ്രഹം. അഭിഭാഷകനാകാന്‍ പഠിക്കുന്നതിനൊപ്പം ‘സൈഡായി’ സിനിമയിലും ഒരു കൈ നോക്കാമെന്നായിരുന്നു മമ്മൂട്ടിക്ക്. കോളേജ് പഠനക്കാലത്ത് മിമിക്രി, നാടകം തുടങ്ങി അഭിനയവുമായി ബന്ധപ്പെട്ട എല്ലാ ഇനങ്ങളിലും മുഹമ്മദ് കുട്ടിയുണ്ടാകും. ഇങ്ങനെയൊക്കെയല്ലേ നടനാകാന്‍ പറ്റൂവെന്ന് ആ പയ്യന്‍ കരുതിക്കാണും.
ഇതിനിടയില്‍ മമ്മൂട്ടി അഭിഭാഷകവൃത്തി ആരംഭിക്കുന്നു, മഞ്ചേരിയില്‍ പ്രാക്ടീസ് ചെയ്യുന്നു. അപ്പോഴെല്ലാം സിനിമ മാത്രമായിരുന്നു മോഹം. ഒടുവില്‍ പഠിച്ചുനേടിയ ജോലിയെ ‘സൈഡാക്കി’ മുഹമ്മദ് കുട്ടി മമ്മൂട്ടിയിലേക്കുള്ള യാത്ര തുടങ്ങുന്നുണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍ക്കു ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയിലൂടെ. തന്റെ ആത്മകഥയായ ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തില്‍ അനുഭവങ്ങള്‍ പാളിച്ചകളാണ് തന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കിയതെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.
അനുഭവങ്ങള്‍ പാളിച്ചകള്‍ക്കും വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ക്കും ഇടയിലെ ഒന്‍പത് വര്‍ഷങ്ങളില്‍ സിനിമ മോഹിയായ യുവാവ് ഓടികിതച്ചതും നിരാശയുടെ പടുകുഴിയില്‍ വീണുപോയതും ഒന്നിലേറെ തവണ. സേതുമാധവന്‍ സംവിധാനം ചെയ്ത കലിയുഗത്തില്‍ ചാന്‍സ് ചോദിച്ചെത്തിയ മമ്മൂട്ടിക്ക് നിരാശയോടെ മടങ്ങേണ്ടിവന്നിട്ടുണ്ട്. അതിനുശേഷം കെ.നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത കാലചക്രത്തില്‍ ആദ്യമായി ഒരു സംഭാഷണ രംഗം, അങ്ങനെ അഭിനയത്തിലൊരു പ്രൊമോഷന്‍ കിട്ടി. എന്നാൽ ആ കഥാപാത്രവും വളരെ ചെറുതായിരുന്നു.
പി.എ.ബക്കര്‍ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലും ചാന്‍സ് ചോദിച്ച് മമ്മൂട്ടി എത്തിയിരുന്നു. ‘മമ്മൂട്ടിയുടെ കണ്ണുകള്‍ കഥാപാത്രത്തിനു യോജിച്ചതല്ല’ എന്നുപറഞ്ഞാണ് ആ സിനിമയില്‍ അദ്ദേഹത്തിന് അവസരം കിട്ടാതെ പോകുന്നത്. ഇത് കേട്ടപ്പോള്‍ തന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ തോന്നിയെന്നാണ് ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തില്‍ മമ്മൂട്ടി എഴുതിയിരിക്കുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘ദേവലോകം’ തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ സിനിമ പകുതിക്ക് വെച്ച് ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെ ദുര്‍ഘടമായ പാതകള്‍ ഒട്ടേറെ താണ്ടിയാണ് മമ്മൂട്ടി ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളിലേ’ക്ക് എത്തുന്നത്.
അനുഭവങ്ങള്‍ പാളിച്ചകളിലെ ഊരും പേരുമില്ലാത്ത കഥാപാത്രത്തില്‍ നിന്ന് മമ്മൂട്ടിയെന്ന മഹാമേരു അഭിനയത്തിന്റെ ആഴങ്ങളിലേക്ക് വേരിറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മലയാള സിനിമ മലയാളത്തിനു പുറത്തേക്ക് ശ്രദ്ധിക്കപ്പെടുന്നത് മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി.ജോര്‍ജ്, പത്മരാജന്‍, എം.ടി.വാസുദേവന്‍ നായര്‍, ജോഷി, ഐ.വി.ശശി തുടങ്ങിയ പ്രതിഭാധനരുടെ സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങള്‍ മലയാളത്തിനു പുറത്തും ആഘോഷിക്കപ്പെട്ടു. പ്രാദേശിക ഭാഷയില്‍ അല്ലാതെ മറ്റൊരു ഭാഷയില്‍ അഭിനയിച്ച് ദേശീയ അവാര്‍ഡ് നേടുകയെന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു നേട്ടം ബാബാ സാഹേബ് അംബേദ്കറിലൂടെ മമ്മൂട്ടി കരസ്ഥമാക്കി.
മമ്മൂട്ടി ‘മമ്മൂട്ടി’യായ കഥ ഒരു സിനിമ പോലെ തന്നെ ഉദ്വേഗം നിറഞ്ഞതും വിസ്മയിപ്പിക്കുന്നതുമാണ്..!