തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ ഭക്തർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതായി എസ്എൻഡിപി ജനറൽ സെക്രട്ടറ്റി വെള്ളാപ്പള്ളി നടേശൻ. പരിപാടിയിലൂടെ ശബരിമലയ്ക്ക് ലോകപ്രസക്തി ലഭിക്കുമെന്നും വലിയ വരുമാന സാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പസംഗമത്തിലേക്ക് ക്ഷണിക്കാൻ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എത്തിയ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പസംഗമത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച വെള്ളപ്പള്ളി ബദൽ സംഗമം ശരിയല്ലെന്നും അയ്യപ്പ സംഗമത്തിന് തെരഞ്ഞെടുപ്പമായി ബന്ധമില്ലെന്നും കൂട്ടിച്ചേർത്തു. എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടാണുള്ളത്. കക്ഷിരാഷ്ട്രീയം പറഞ്ഞും പിണറായിയെ കുറ്റപ്പെടുത്തിയും സമയം കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിവാദഭൂമി ആക്കരുതെന്നും വെള്ളാപ്പള്ളി.
”ഈ സംഗമം നടക്കുന്നതോട് കൂടി ശബരിമല ലോകപ്രശസ്തമാകും. കേരളം, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഭക്തര്‍വരുന്നത്. വടക്കേ ഇന്ത്യയില്‍നിന്നും കുറച്ചുപേര്‍ വരും. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തുതന്നെ ഇന്ന് അയ്യപ്പനെ അറിയാം. ലോകമാകെ അയ്യപ്പഭക്തരുമുണ്ട്. അയ്യപ്പന്റെ ഭക്തിയും അയ്യപ്പന്റെ പ്രസക്തിയുമെല്ലാം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള ബൃഹത്തായ പദ്ധതിയാണിത്.” വെള്ളാപ്പള്ളി പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഈ മാസം 20നാണ്. ആകെ 3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ആന്ധ്ര, തെലങ്കാനയില്‍ നിന്ന് 750 പേരും കേരളത്തില്‍നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്‌നാട്ടില്‍ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആകെ പങ്കെടുക്കുന്നത് 200 പേരായിരിക്കും. ശബരിമലയുടെ വികസനത്തില്‍ താല്പര്യമുള്ള, ശബരിമലയില്‍ നിരന്തരം എത്തുന്നവര്‍ എന്നതാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.