ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള വിവാദ പോസ്റ്റിന് പിന്നാലെ കെപിസിസി സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജിഎസ്ടി വിഷയത്തിലായിരുന്നു വിവാദ പോസ്റ്റ്. സംഭവം ചർച്ചയായതോടെ പോസ്റ്റ് പിൻവലിക്കുകയും തെറ്റ് പറ്റിയെന്നും ജാഗ്രത കുറവുണ്ടായെന്ന് കെപിസിസി പ്രസിഡന്റ് സമ്മതിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയാ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ്’ എന്ന പോസ്റ്റാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. പുകയില ഉൽപന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരാമർശിച്ചായിരുന്നു കോൺഗ്രസിന്റെ പോസ്റ്റ്. പുകയില ഉൽപ്പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനാൽ ഇനി അത് പാപമായി കണക്കാക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദ പോസ്റ്റ്.
എന്നാൽ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയൊഴിയാന്‍ താന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ബിഹാര്‍–ബീഡി പോസ്റ്റുമായി ഇതിനും ബന്ധമില്ലെന്നും ബല്‍റാം പറഞ്ഞു. ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം നേരത്തേ നല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയിൽ ഉണ്ടായിരുന്ന വി.ടി. ബൽറാം പറഞ്ഞത്, അദ്ദേഹത്തിന്റെ അറിവോടെയല്ല പോസ്റ്റ് വന്നത് എന്നാണ്.