കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. മട്ടാഞ്ചേരിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് 2 കോടി 88 ലക്ഷം രൂപ തട്ടി. ജെറ്റ് എയർവെയ്സ് കുംഭകോണത്തിൽ പങ്കുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുംബൈയിലെ തിലക് നഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പരാതിക്കാരിയായ വീട്ടമ്മയെ സൈബർ തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചത്.
ജെറ്റ് എയർവെയ്സ് കുംഭകോണത്തിലെ രണ്ടു കോടി രൂപ വീട്ടമ്മയുടെ അക്കൗണ്ടിലെത്തിയെന്നും ഇരുപത്തിയഞ്ചു ലക്ഷം രൂപ കമ്മീഷനായി ലഭിച്ചത് കള്ളപ്പണമാണെന്നും പറഞ്ഞായിരുന്നു ഭീഷണി . ജഡ്ജിയും, അഭിഭാഷകനുമെല്ലാം ഉൾപ്പെട്ടതായിരുന്നു വ്യാജ കോടതി സെറ്റ്. പണം കൈമാറിയപ്പോൾ കേസിൽ നിന്ന് ഒഴിവാക്കിയെന്ന സന്ദേശവുമെത്തി. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. വീട്ടമ്മയുടെ പരാതിയിൽ മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സൈബർ പോലീസും അന്വേഷണം നടത്തുന്നുണ്ട്. പൊലീസിന്റെ നിരന്തരമായ ഇടപെടലും ബോധവൽക്കരണവും മൂലം കുറച്ചുനാളുകളായി വെർച്ചൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പ് കുറഞ്ഞ വരികയായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ പുതിയ തട്ടിപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘത്തിൽ മലയാളികൾ ഉണ്ടോ എന്ന അന്വേഷണവും നടത്തുന്നുണ്ട്. ഏതു സാഹചര്യത്തിലാണ് പണം നൽകിയതെന്ന് അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ കൊച്ചിയിൽ നാല് കേസുകളിലായി 30 കോടി രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. 25 കോടി തട്ടിയെടുത്ത കേസിന്റെ ഉറവിടം സൈപ്രസ് ആണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ക്യാപ്പിറ്റലിക്സ് എന്ന വ്യാജ ആപ്പ് വഴിയായായിരുന്നു തട്ടിപ്പ്. രാജ്യത്ത് ആയിരം പേർക്ക് ഈ ആപ്പിലൂടെ പണം നഷ്ടമായിട്ടുണ്ട്. 60 മുതൽ ഒരു കോടി രൂപയാണ് വരെയാണ് സംസ്ഥാനത്ത് നഷ്ടമായത്.