Homepage Featured India News

മുംബൈയെ നടുക്കിയ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച ആൾ പിടിയിൽ

ചാവേറുകളെ ഉപയോഗിച്ച് മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കുന്ന ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ അശ്വിനി എന്നയാളെയാണ് നോയിഡയില്‍നിന്ന് പിടികൂടിയത്. പ്രതി കഴിഞ്ഞ അഞ്ച് വര്‍ഷമായി നോയിഡയിലാണ് താമസിക്കുന്നത്. നോയിഡയിലെ സെക്ടര്‍-113ല്‍ വെച്ച് പിടികൂടിയ പ്രതിയെ മുംബൈ പോലീസിന് കൈമാറി. 

വ്യാഴാഴ്ച മുംബൈ ട്രാഫിക് പോലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. നഗരത്തില്‍ പലയിടത്തും വാഹനങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും 400 കിലോഗ്രാം ആര്‍ഡിഎക്‌സ് ഉപയോഗിച്ചുള്ള വലിയൊരു ആക്രമണത്തില്‍ ഒരു കോടി ആളുകള്‍ കൊല്ലപ്പെടുമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

പാകിസ്താന്‍ ആസ്ഥാനമായുള്ള ഒരു ജിഹാദി ഗ്രൂപ്പിലെ അംഗമാണ് താനെന്നായിരുന്നു ഫോണിലൂടെ ഭീഷണി സന്ദേശം മുഴക്കിയ ആൾ അവകാശപ്പെട്ടിരുന്നത്. 14 പാക് ഭീകരര്‍ നഗരത്തില്‍ പ്രവേശിച്ചുവെന്നും നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലുൾപ്പെടെ പല കേന്ദ്രങ്ങളിലായി സ്ഫോടക വസ്തുക്കൾ വെച്ചുവെന്നും ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പിടികൂടിയ അശ്വിനിയില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. ആദ്യം താനൊരു ജ്യോത്സ്യനാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. പിന്നീട് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം മനസ്സിലായത്.

മുംബൈ നഗരത്തിലുടനീളമുള്ള 34 വാഹനങ്ങളില്‍ 34 ‘മനുഷ്യ ബോംബുകള്‍’ സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌ഫോടനങ്ങള്‍ മുംബൈയെ ഒന്നാകെ പിടിച്ചുകുലുക്കുമെന്നും ഭീഷണിയില്‍ പറയുന്നു. ലഷ്‌കര്‍-ഇ-ജിഹാദി എന്ന് അവകാശപ്പെടുന്ന സംഘടന, 14 പാകിസ്താന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. സ്‌ഫോടനത്തിനായി 400 കിലോ ആര്‍ഡിഎക്‌സ് ഉപയോഗിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്’ പോലീസിനെ ലഭിച്ച ഭീഷണി സന്ദേശത്തില്‍ ഇങ്ങനെയാണ് ഉണ്ടായിരുന്നത്.

ഇതേത്തുടര്‍ന്ന് മുംബൈയിലുടനീളം കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഭീഷണി വന്നത്. രാജ്യത്ത് സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ് ഇത്തരത്തിലൊരു വ്യാജ സന്ദേശവും എത്തിയത്. 

Related Posts