ന്യൂഡൽഹി: ആഗോള തലത്തിയ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ലോക രാജ്യങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ നയത്തിന് പിന്നാലെ റഷ്യയും ഇന്ത്യയും ചൈനയും ഒന്നിച്ചു വന്നതോടെ ട്രംപ് ആകെ അസ്വസ്ഥനാണ്. ഇത് വെളിവാക്കുന്നതായിരുന്നു വെള്ളിയാഴ്ച ട്രംപ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്. ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നും അവർ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നുവെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ തന്റെ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോൾ ട്രംപ്. അങ്ങനെ സംഭവിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
“അവരെ നമുക്ക് നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യ റഷ്യയിൽനിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ ഞാൻ വളരെ നിരാശനാണ്. 50 ശതമാനം തീരുവ വർധനവിലൂടെ ഞാനത് അവരെ അറിയിച്ചിട്ടുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, മോദിയുമായി ഞാൻ വളരെ നല്ല ബന്ധത്തിലാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് അദ്ദേഹം ഇവിടെയുണ്ടായിരുന്നു. സത്യത്തിൽ ഞങ്ങൾ റോസ് ഗാർഡനിൽ ഒരു വാർത്താസമ്മേളനം വരെ നടത്തി.’
“ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ!” എന്നായിരുന്നു നരേന്ദ്ര മോദി, പുടിൻ, ഷീ ജിൻപിംഗ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന നിലപാട് വ്യക്തമാക്കി. ഇതിനിടയിലാണ് തന്റെ നിലപാടിൽ ട്രംപ് മലക്കം മറിഞ്ഞത്.
അതേസമയം റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ ഉപദേഷ്ടാവ് നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. പ്രസ്താവന അസ്വീകര്യമാണന്നും പിൻവലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രാഹ്‌മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നു. അത് നിർത്തേണ്ടതുണ്ടെന്നുമാണ് ട്രേഡ് ആന്റ് മാനുഫാക്ചറിംഗ് സീനിയർ കൗൺസിലറായ നവാരോ ഫോക്‌സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യൻ നേതാവ് എങ്ങനെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും സഹകരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















