കൊച്ചി: മലയാള സിനിമ രംഗത്തെ താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് മുൻ പ്രസിഡന്റ് മോഹൻലാൽ. സംഘടനയിലെ അംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് നേതൃനിരയിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്നും മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് മോഹൻലാൽ സംഘടനയിലെ മാറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.
സംഘടന ഒരു കുടുംബം പോലെയാണ്. അതിന്റെ ഇടയിൽ തങ്ങളറിയാതെ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും എന്നാൽ അതിൽ കുറച്ചൊക്കെ കാര്യങ്ങളെ ആളുകൾ ഊതിപ്പെരുപ്പിച്ച് കാണിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതെല്ലാം മാറിയെന്നും ഈ വക കാര്യങ്ങൾ ഇവിടെ മാത്രമല്ല എല്ലായിടത്തും സംഭവിക്കുന്നതാണെന്നും മോഹൻലാൽ കൂട്ടിചേർത്തു. സംഘടനയുടെ പ്രധാന പോസ്റ്റിലേക്ക് സ്ത്രീകൾ വന്നുത് നല്ല കാര്യമല്ലേ എന്നും അദ്ദേഹം അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
“ഇങ്ങനെയൊരു സംഘടനയെ അവർക്കും നയിക്കാൻ പറ്റി. ഇത് വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള സംഘടനയൊന്നുമല്ല. 560 പേരുള്ള ഒരു സംഘടനയാണ്, ഒരു കുടുംബമാണ്. ഒരു സിസ്റ്റത്തിൽ പോയിക്കൊണ്ടിരിക്കുന്നതാണ്. അപ്പോൾ അതിൽ നമ്മളുമൊക്കെ ആലോചിച്ചിട്ടാണ് അവർ കാര്യങ്ങളൊക്കെ ചെയ്യുന്നത്. നമ്മളെല്ലാവരും അവരുടെ കൂടെ തന്നെയുണ്ട്” മോഹൻലാൽ പറഞ്ഞു. സിനിമ സംഘടനയായതുകൊണ്ടാണ് അമ്മയ്ക്ക് പ്രത്യേകതയുണ്ടാകുന്നത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇങ്ങനെയൊരു പ്രസ്ഥാനമില്ല. അമ്മ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജിവച്ചതിനെ തുടർന്നാണ് സംഘടനയിൽ തിരഞ്ഞെടുപ്പ് നടന്നതും പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടതും. ആദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് വനിതകളാണ്. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനിടയിലാണ് മുൻ പ്രസിഡന്റ് കൂടിയായ മോഹൻലാൽ തെരഞ്ഞെടുപ്പിനെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും ആദ്യമായി തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.