Homepage Featured Kerala News

ഓണം കുടിച്ചാഘോഷിച്ച് മലയാളി; ഉത്രാട ദിനത്തിൽ മാത്രം 137കോടിയുടെ വിൽപ്പന, മുന്നിൽ കൊല്ലം

തിരുവനന്തപുരം: പതിവ് പോലെ തന്നെ ഓണക്കാലം കുടിച്ചാഘോഷിക്കുകയാണ് മലയാളികൾ. ഇത് ശരിവെക്കുകയാണ് മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ.  കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 10 ദിവസത്തിൽ 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി കൂടുതലാണ്. 

കേരളത്തിലെ ആറ് മദ്യഷാപ്പുകളാണ് ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റഴിച്ചത്. ഉത്രാടം വരെയുള്ള കണക്കാണിത്. ഉത്രാട ദിനംമാത്രം 137കോടി മദ്യംവിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. അതേസമയം, ഓണക്കാല മദ്യ വിൽപ്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 110.79 രൂപയുടെ വിൽപ്പനയുമായി എടപ്പാൾ ഔട്ട്ലെറ്റും തൊട്ടുപിന്നിലുണ്ട്.

കഴിഞ്ഞ ഓണക്കാലത്തെ ബെവ്കോയുടെ 776 കോടിയുടെ മദ്യവിൽപ്പന ഇത്തവണ 826 കോടിയായി ഉയർന്നു. ഈവർഷം ബെവ്കോയുടെ ആറ് ചില്ലറ വിൽപ്പനശാലകളാണ് ഒരു കോടിയിലേറെ രൂപയുടെ മദ്യം വിറ്റത്. കൺസ്യൂമർഫെഡ് വഴിയുള്ള വിൽപ്പന കണക്ക് കൂടി പുറത്ത് വരുമ്പോൾ മലയാളിയുടെ ഉത്രാട നാളിലെ ഓണക്കുടി 175 കോടിയോട് അടുത്തെത്തുമെന്നാണ് സൂചന.

Related Posts