ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെനസ്വേലയെ പരാജയപ്പെടുത്തിയെങ്കിലും അര്‍ജന്റീന ആരാധകര്‍ക്കു കണ്ണുനിറഞ്ഞു. അര്‍ജന്റീനയ്ക്കായി സ്വന്തം മണ്ണില്‍ ഫുട്‌ബോള്‍ ദൈവം സാക്ഷാല്‍ ലയണല്‍ മെസി ഇനി കളിക്കില്ലല്ലോ എന്ന സങ്കടത്തിലാണ് ആരാധകര്‍.
2026 ലോകകപ്പിനു ശേഷം മെസി രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. ലോകകപ്പ് ആകുമ്പോഴേക്കും താരത്തിനു പ്രായം 39 ആകും. 2030 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ താരം കളിച്ചേക്കില്ല. അതിനാല്‍ തന്നെ അര്‍ജന്റീന ജേഴ്‌സിയില്‍ മെസി ഇനി അര്‍ജന്റീനയില്‍ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
വെനസ്വേലയ്‌ക്കെതിരായ മത്സരത്തില്‍ മെസിയെ ഏറെ വൈകാരികമായാണ് കാണപ്പെട്ടത്. അര്‍ജന്റീനയ്ക്കായി ആദ്യത്തെയും മൂന്നാമത്തെയും ഗോള്‍ സ്‌കോര്‍ ചെയ്തത് മെസിയാണ്. ലൗത്താറോ മാര്‍ട്ടിനെസ് ആണ് രണ്ടാം ഗോള്‍ നേടിയത്. മത്സരത്തിലുടനീളം ആരാധകര്‍ ‘മെസി..മെസി’ വിളികളാല്‍ ഗ്യാലറി നിറച്ചു. ആകാശനീലയും വെള്ളയും കലര്‍ന്ന ജേഴ്‌സിയില്‍ മെസിയെ ഇനി സ്വന്തം മണ്ണില്‍ കാണാന്‍ സാധിച്ചില്ലെങ്കിലോ എന്ന തോന്നലില്‍ വൈകാരികമായ യാത്രയയപ്പാണ് ആരാധകരും നല്‍കിയത്.
എംഎസ് മൊനുമെന്റല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന – വെനസ്വേല മത്സരം നടന്നത്. മെസിയുടെ കളി കാണാന്‍ തടിച്ചുകൂടിയത് 80,000 ത്തില്‍ അധികം ആരാധകര്‍. മത്സരത്തിനു മുന്‍പ് മക്കള്‍ക്കൊപ്പം മെസി ഗ്രൗണ്ടില്‍ അണിനിരന്നപ്പോള്‍ ആരാധകരുടെ കണ്ഠവും ഇടറി. മെസിയുടെ കണ്ണുകള്‍ നിറഞ്ഞതും ആരാധകരെ കൂടുതല്‍ വിഷമിപ്പിച്ചു.
അതേസമയം വിരമിക്കലുമായി ബന്ധപ്പെട്ട് മെസി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 2026 ലോകകപ്പ് കളിക്കാന്‍ താരം സന്നദ്ധത അറിയിച്ചിട്ടുള്ളതിനാല്‍ ലോകകപ്പിനു ശേഷമായിരിക്കും വിരമിക്കലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം.
ലോകകപ്പ് യോഗ്യത പോയിന്റ് ടേബിളില്‍ 38 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. 12 ജയം, രണ്ട് സമനില, മൂന്ന് തോല്‍വി എന്നിങ്ങനെയാണ് അര്‍ജന്റീനയുടെ പ്രകടനം. അര്‍ജന്റീനയ്ക്കെതിരായ തോല്‍വിയോടെ വെനസ്വേല 18 പോയിന്റ് മാത്രമായി പട്ടികയില്‍ ഏഴാം സ്ഥാനത്ത്. ആദ്യ ആറ് സ്ഥാനക്കാര്‍ മാത്രമാണ് ലോകകപ്പിനു യോഗ്യത നേടുക. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് കരുത്തരായ ബ്രസീലും ലോകകപ്പിനു യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.