കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പല സുപ്രധാന കേസുകളിലും തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻ ഡോ. ഷേർളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഡോ. ഷേർളിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണമെന്നാണ് പ്രാഥമിക വിവരം. ഫൊറൻസിക് രംഗത്തെ പ്രമുഖരിയ മുൻനിരയിലുള്ള അവർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം വകുപ്പ് മേധാവിയുമായിരുന്നു.
ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഷേർളി വാസുവായിരുന്നു. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്മോർട്ടം നടത്തിയത് ഷേർളിയായിരുന്നു. പോസ്റ്റ്മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കല്‍ കോളജില്‍ അസി.പ്രഫസര്‍, അസോ.പ്രഫസര്‍ പദവികള്‍ വഹിച്ചു. 1997 മുതല്‍ 1999ല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഡപ്യൂട്ടേഷനില്‍ പ്രഫസറായി. അസോ.പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. 2001 ജൂലൈയില്‍ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകള്‍ക്കു തുമ്പുണ്ടാക്കാന്‍ സാധിച്ചത്.