വെറ്ററന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 25 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നും ബിസിസിഐയ്ക്കും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും അടക്കം എല്ലാവര്ക്കും നന്ദി പറയുന്നതായും അമിത് മിശ്ര അറിയിച്ചു.
2003 ല്‍ ബംഗ്ലാദേശിനെതിരായ ത്രിദിന ഏകദിന പരമ്പരയിലാണ് അമിത് മിശ്ര ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ടെസ്റ്റില്‍ അരങ്ങേറാന്‍ പിന്നെയും അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 2008 ല്‍ ഓസ്ട്രേലിയയ്ക്കെതിരായ മൊഹാലി ടെസ്റ്റിലായിരുന്നു അമിത് മിശ്ര ദീര്‍ഘഫോര്‍മാറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്. കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ അന്ന് അഞ്ച് വിക്കറ്റ് പ്രകടനവുമായി മിശ്ര തിളങ്ങി. 2013 ല്‍ സിംബാബ്വെയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 18 വിക്കറ്റുകള്‍ വീഴ്ത്തിയ അമിത് മിശ്ര ബൈലാറ്ററല്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
2014 ട്വന്റി 20 ലോകകപ്പില്‍ 6.68 ഇക്കോണമിയില്‍ 10 വിക്കറ്റ് വീഴ്ത്തി. ഇന്ത്യ ഫൈനലില്‍ എത്താന്‍ നിര്‍ണായക പങ്ക് വഹിച്ച താരം കൂടിയാണ് മിശ്ര. മികച്ച പ്രകടനങ്ങള്‍ പലപ്പോഴായി നടത്തിയിട്ടുണ്ടെങ്കിലും സ്ഥിരതക്കുറവ് താരത്തിന്റെ രാജ്യാന്തര കരിയറില്‍ തിരിച്ചടിയായി. 2017 ലാണ് അമിത് മിശ്ര അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. പിന്നീട് ഹരിയാനയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു. 2024 വരെ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യക്കായി 22 ടെസ്റ്റ് മത്സരങ്ങളിലും 36 ഏകദിനങ്ങളിലും പത്ത് ട്വന്റി 20 മത്സരങ്ങളിലും അമിത് മിശ്ര കളിച്ചു. ടെസ്റ്റില്‍ 76 വിക്കറ്റുകളും ഏകദിനത്തില്‍ 64 വിക്കറ്റുകളും ടി20 യില്‍ 16 വിക്കറ്റുകളും സ്വന്തമാക്കി.
രാജ്യാന്തര കരിയറില്‍ പിന്നോട്ടു പോയെങ്കിലും ഐപിഎല്ലില്‍ അമിത് മിശ്ര സ്ഥിരതയോടെ തിളങ്ങി. 162 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 7.37 ഇക്കോണമിയില്‍ 174 വിക്കറ്റുകള്‍ വീഴ്ത്തി. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഏഴാം സ്ഥാനത്താണ് മിശ്ര. മൂന്ന് തവണ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി ഹാട്രിക് നേട്ടം സ്വന്തമാക്കിയെ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡ് മിശ്രയുടെ പേരിലുണ്ട്. 2008 ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി, 2011 ല്‍ കിങ്സ് ഇലവന് പഞ്ചാബിനായി, 2012 ല്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനായും അമിത് മിശ്ര ഹാട്രിക് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
ഭാവിയില്‍ പരിശീലകന്, മെന്റര്‍, കമന്റേറ്റര്‍ എന്നീ നിലകളില്‍ ക്രിക്കറ്റില്‍ തുടരാന്‍ തന്നെയാണ് അമിത് മിശ്രയുടെ തീരുമാനം. ഐപിഎല്ലില്‍ പരിശീലകനാകാന്‍ താരം ആഗ്രഹിക്കുന്നുണ്ട്.