ന്യൂഡൽഹി: സ്വതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നികുതി പരിഷ്കരണത്തിന് ജിഎസ്ടി കൗൺസിൽ അംഗീകാരം ലഭിച്ചതോടെ അവശ്യവസ്തുക്കളടക്കമുള്ള ഉത്പന്നങ്ങൾക്ക് വലിയ രീതിയിൽ നികുതി ഇളവ് ലഭിക്കാൻ പോവുകയാണ്. 5, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളിലായിരിക്കും ഇനി ജിഎസ്ടി ഈടാക്കുക. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ നിലവിൽ വരും.
അവശ്യവസ്തുക്കളിൽ ഷാമ്പൂ, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഷോവിംഗ് ക്രീം എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്കാണ് കുറച്ചിരിക്കുന്നത്.
ഭക്ഷ്യ വസ്തുക്കളായ പൊറോട്ട, റൊട്ടി എന്നവയെ നികുതി പട്ടികയിൽ നിന്ന് ഒഴിവാക്കി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഉത്പന്നങ്ങളെയാണ് ഏറ്റവും കൂടുതൽ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മാപ്പ്. ചാർട്ട്, ഗ്ലോബ്, പെൻസിൽ, ഷാർപ്പൻ, ക്രയോൺസ്, നോട്ട്ബുക്കുകൾ ഇന്നിവ ഇനി മുതൽ ജിഎസ്ടി പരിധിയിൽ വരില്ല. നേരത്തെ 12 ശതമാനം സ്ലാബിലാണ് ഇവയെല്ലാം ഉൾപ്പെട്ടിരുന്നത്.
ആരോഗ്യമേഖലയിലും നികുതി ഇളവുകൾ ലഭ്യമാകും. 18 ശതമാനം സ്ലാബിൽ വന്നിരുന്ന വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെർമോമീറ്ററിനെ 18 ശതമാനത്തിൽ നിന്ന് ഒഴിവാക്കി അഞ്ച് ശതമാനത്തിൽ ഉൾപ്പെടുത്തി. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, രോഗനിർണ്ണയ കിറ്റുകൾ, ഗ്ലൂക്കോമീറ്റർ, ടെസ്റ്റ് സ്ട്രിപ്പ് എന്നവയെയും അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി. നേരത്തെ 12 ശതമാനമായിരുന്നു ഈ ഉത്പന്നങ്ങൾക്ക് ഈടാക്കിയിരുന്ന ജിഎസ്ടി. കണ്ണടയും അഞ്ച് ശതമാനം സ്ലാബിലേക്ക് മാറി.
ഭക്ഷ്യവസ്തുക്കളിൽ വെണ്ണ, നെയ്യ്, പാൽ ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഇനി മുതൽ അഞ്ച് ശതമാനം ജിഎസ്ടി നൽകിയാൽ മതിയാകും. നേരത്തെ ഇത് 12 ശതമാനമായിരുന്നു. ഫീഡിംഗ് ബോട്ടിൽ, കുട്ടികൾക്കുള്ള നാപ്കിൻ, ക്ലിനിക്കൽ ഡയപ്പർ, തുന്നൽ യന്ത്രവും ഭാഗങ്ങൾക്കും ഇനി മുതൽ അഞ്ച് ശതമാനമായിരിക്കും ജിഎസ്ടി.
കാർഷിക രംഗത്തും ജിഎസ്ടി പരിഷ്കരണം കാര്യമായ ആശ്വാസം വാഗ്ദാനം ചെയ്യുന്നതാണ്. ട്രാക്ടർ ടയറുകൾ, ഭാഗങ്ങൾ, ജൈവകീടനാശിനികൾ, ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം, കാർഷികവൃത്തിക്കുള്ള ഉപകരണങ്ങൾ എന്നിവയെയും അഞ്ച് ശതമാനം സ്ലാബിൽ ഉൾപ്പെടുത്തി.
ഓട്ടോമൊബൈൽ രംഗത്താണ് കാര്യമായ മാറ്റങ്ങളുള്ളത്. 1200 സിസിയിൽ താഴെയുള്ള പെട്രോൾ, പെട്രോൾ ഹൈബ്രിഡ്, എൽപിജി, സിഎൻജി കാറുകൾക്ക് വില കുറയും. 28 ശതമാനം സ്ലാബിൽ നിന്ന് അവയെ 18 ശതമാനം സ്ലാബിലേക്കാണ് മാറ്റിയിരിക്കുന്നത്. 1500 സിസിയിൽ താഴെയുള്ള ഡീസൽ, ഡീസൽ ഹൈബ്രിഡ് വാഹനങ്ങൾക്കും നികുതി പരിഷ്കാരം ബാധകമാണ്. മുചക്ര വാഹനങ്ങളുടെയും 350 സിസിയിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെയും ചരക്കു വാഹനങ്ങളുടെയും നികുതി നിരക്ക് 18 ശതമാനമായി നിചപ്പെടുത്തി.
എസി, 32 ഇഞ്ചിന് മുകളിലുള്ള എൽഇഡി, എൽസിഡി ടിവികൾ, മോണിറ്റർ, പ്രൊജക്ടർ, ഡിഷ് വാഷിംഗ് മെഷീൻ എന്നിവയുടെ നികുതി നിരക്കും 28ൽ നിന്ന് 18 ശതമാനമാക്കി കുറച്ചു. അതേസമയം, നികുതി പരിഷ്കരണത്തിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താൻ ആഡംബര വസ്തുക്കളുടെ നികുതി 40 ശതമാനമാക്കിയും വർദ്ധിപ്പിച്ചു. ഇതിലൂടെ കേന്ദ്രം 45,000 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.