തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണ വിവാദത്തിൽ പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് ചൂണ്ടികാണിച്ച് അഞ്ച് പേർ നൽകിയ പരാതികളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിച്ചത്.
രാഹുലിനെതിരെ ബി.എൻ.എസ് 78(2), 351 പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ എടുത്തിരിക്കുന്നത്. പരാതി നൽകിയ അഞ്ച് പേരും കേസിൽ മൂന്നാം കക്ഷികളാണ്. സ്ത്രീകളെ സമൂഹ മാധ്യമങ്ങളിൽ പിന്തുടർന്ന് ശല്യം ചെയ്‌തുവെന്നും ഭീഷണിപ്പെടുത്തുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശം അയച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
നേരത്തെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. പരാതിക്കാരിൽ ഒരാളായ അഡ്വ.ഷിൻോയുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. ആരോപണം ഉന്നയിച്ച സ്ത്രീകളാരും ഇതുവരെ നേരിട്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ലെന്നും പരാതി നൽകിയവർ ഇരയെ കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കുകയും തുടർനടപതികൾ സ്വീകരിക്കുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഫേയ്സ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് കൂട്ടിചേർത്തു.
















