എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾ ലഹരി സംഘത്തിന്റെ ഭാഗമാണോ എന്നും പോലീസ് സംശയിക്കുന്നു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് പ്ലാറ്റ്ഫോമിലൂടെ യുവാവ് ബൈക്ക് ഓടിച്ചു പോയത്. റെയിൽവേ പോലീസ് പിന്തുടർന്നതിനാൽ ബൈക്ക് നിർത്തി ഇയാൾ താക്കോലുമായി ഓടി രക്ഷപെടുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ യുവാവ് പ്ലാറ്റ്ഫോമിന്റെ രണ്ടാം നമ്പർ പ്രവേശന കവാടത്തിലൂടെ ബൈക്കുമായി പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിറഞ്ഞിരിക്കുന്ന ആളുകൾക്കിടയിലൂടെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവ് ബൈക്കുമായി പ്രവേശിക്കുന്നതു കണ്ടതോടെ ആർപിഎഫ് പിന്നാലെ പാഞ്ഞെങ്കിലും പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തേക്ക് ഓടിച്ചുപോയി.തുടർന്ന് ബൈക്ക് നിർത്തി താക്കോലുമായി ഓടി രക്ഷപെടുകയായിരുന്നു.
പെരുമ്പാവൂർ മുടിക്കൽ സ്വദേശി എം.എസ്.അജ്മലിന്റെ പേരില് വാടകയ്ക്ക് എടുത്ത ആഡംബര ബൈക്കാണ് യുവാവ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ ഓടിച്ചത്. ഇയാൾക്കായി റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി. തൈക്കുടത്ത് ബൈക്ക് വാടകയ്ക്കു നൽകുന്ന സ്ഥാപനത്തിൽനിന്ന് ഓഗസ്റ്റ് 30നാണ് യുവാവ് ആഡംബര ബൈക്ക് വാടകയ്ക്ക് എടുത്തത്. നാലു ലക്ഷത്തോളം രൂപ വിലയുള്ള ബൈക്ക് തിരിച്ചറിയൽ കാർഡ് നൽകി ഒരു മാസത്തേക്കാണ് എടുത്തത്.
ഈ തിരിച്ചറിയൽ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയിൽവെ പൊലീസിന്റെ അന്വേഷണം. യുവാവ് ലഹരി ഉപയോഗിക്കുന്ന സംഘത്തിൽപ്പെട്ട ആളാണെന്ന സംശയം പോലീസിനുണ്ട്. ഇയാളുടെ കൈവശം ഒരു ബാഗ് ഉണ്ടായിരുന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
















