Auto Lifestyle

വിട സിയാസ്…സിറ്റിയുടെ എതിരാളി ഇനിയില്ല

കൊച്ചി: ഹോണ്ട സിറ്റിയുടെ ഒത്ത എതിരാളിയായി വിലസിയിരുന്ന മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ സിയാസിന്‍റെ വിൽപ്പന എന്നന്നേക്കുമായി അവസാനിപ്പിച്ചു. 2025 ഏപ്രിൽ മാസത്തിലാണ് മാരുതി സിയാസിന്‍റെ വിൽപ്പന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ കമ്പനിയുടെ ചില നെക്സ ഡീലർഷിപ്പുകളിൽ സിയാസ് ലഭ്യമായിരുന്നു. എന്നാൽ ഈ സ്റ്റോക്കും വിറ്റുതീർന്നിരിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാരുതി സുസുക്കി കഴിഞ്ഞ ദിവസം പുറത്തു വിട്ട ഓഗസ്റ്റിലെ വിൽപ്പന റിപ്പോർട്ടിൽ സിയാസിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇത് സിയാസ് ഇനി ഇല്ല എന്നതിന്റെ സൂചനയായി എടുക്കാം എന്നാണ് വ്യക്തമാകുന്നത്.

വിൽപ്പനയിലെ മാന്ദ്യമാണ് മാരുതി സിയാസ് നിർത്തലാക്കാനുള്ള ഏറ്റവും വലിയ കാരണം. കമ്പനി കാറിന് കമ്പനി 50,000 രൂപ വരെ കിഴിവ് നൽകിയിരുന്നു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 9.41 ലക്ഷം രൂപയായിരുന്നു. 2014-ൽ പുറത്തിറങ്ങിയ സിയാസ്, വിശാലമായ ഇന്റീരിയർ, മികച്ച ഇന്ധനക്ഷമത, താങ്ങാനാവുന്ന വില എന്നിവയാൽ വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടി. മികച്ച സൗകര്യങ്ങളും മികച്ച ക്ലാസ് ക്യാബിൻ സ്ഥലസൗകര്യവും ഇതിന്റെ ഏറ്റവും വലിയ കരുത്തുകളിൽ ഒന്നായിരുന്നു, 103 ബിഎച്പി പവറും 138 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് സിയാസിന് കരുത്ത് നൽകിയിരിക്കുന്നത്. ഈ കാറിന് ലിറ്ററിന് 18 മുതൽ 20 കിലോമീറ്റർ വരെ മൈലേജ് നൽകാൻ കഴിയുമായിരുന്നു.

സിയാസിന്റെ പ്രധാന എതിരാളികളായ ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വിർടസ്, സ്കോഡ സ്ലാവിയ, ഹ്യുണ്ടായി വെർണ എന്നിവ കൊണ്ടുവരുന്ന യാതൊരു അപ്‌ഡേറ്റുകളും സിയാസിന് നൽകിയിരുന്നില്ല. ഇത് വിപണിയിലെ നിലനിൽപ്പിനു കനത്ത തിരിച്ചടിയായി. മറുപക്ഷത്തു നൂതന സാങ്കേതികവിദ്യയും കൂടുതൽ സവിശേഷതകളും കൊണ്ട് അടിമുടി പുതുക്കലുകൾ നടന്നപ്പോൾ മാരുതി, സിയാസിനെ പരിഗണിച്ചതേയില്ല.2018-ൽ ഒരു മുഖംമിനുക്കൽ ലഭിച്ചതിനുശേഷവും, മോഡലിന് അതിന്റെ ആദ്യകാല ആക്കം നിലനിർത്താൻ കഴിഞ്ഞില്ല, കാലക്രമേണ വിൽപ്പന ക്രമാനുഗതമായി കുറഞ്ഞു

എന്നാൽ 2024 ഫെബ്രുവരിയിൽ മാരുതി സുസുക്കി സിയാസിൽ മൂന്ന് പുതിയ ഡ്യുവൽ ടോൺ നിറങ്ങൾ ചേർത്തിരുന്നു. ഡ്യുവൽ ടോണിൽ ബ്ലാക്ക് റൂഫുള്ള പേൾ മെറ്റാലിക് ഒപ്പുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള പേൾ മെറ്റാലിക് ഗ്രാൻഡിയർ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഡിഗ്നിറ്റി ബ്രൗൺ കളർ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടും. സിയാസിൽ 20-ലധികം സുരക്ഷാ സവിശേഷതകൾ മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിൽ-ഹോൾഡ് അസിസ്റ്റും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്പി) ഇപ്പോൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ഇവ എല്ലാ വകഭേദങ്ങളിലും ലഭ്യമാകും. ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) തുടങ്ങിയ സവിശേഷതകളും കാറിൽ ലഭ്യമായിരുന്നു.

ഭാവിയിൽ മാരുതി സിയാസ് എന്ന നെയിംപ്ലേറ്റ് തിരിച്ചെത്തിച്ചേക്കാം, പക്ഷേ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. സിയാസിന്റെ ഉത്പാദനം അവസാനിപ്പിച്ചതിനാൽ, മാരുതി സുസുക്കി സമീപഭാവിയിൽ ഈ സെഗ്‌മെന്റിലേക്ക് വീണ്ടും വരാൻ സാധ്യതയില്ല എന്നും റിപ്പോർട്ടുണ്ട്. പകരം, കമ്പനി തങ്ങളുടെ എസ്‌യുവി നിര വികസിപ്പിക്കുന്നതിനും ഹൈബ്രിഡ്, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് സാധ്യത.

Related Posts