ഒരേ ദിവസം തിയേറ്ററുകളിൽ എത്തിയ ഓണ ചിത്രങ്ങളാണ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ഹൃദയപൂർവ്വവും ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ എത്തിയ ലോകഃയും. പത്ത് വർഷത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ചപ്പോൾ മലയാള സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ, തീയേറ്ററുകളിൽ കൂടുതൽ ആളെ കയറ്റിയത് ലോകഃയാണ്. ബുക്കിംഗ് സൈറ്റുകളിലെ കണക്കുകൾ വ്യക്തമാക്കുന്നത് ഓണവധികൂടി ആരംഭിക്കുന്നതോടെ ലോകഃ മോളിവുഡിൽ പുതിയ ചരിത്രം രചിക്കുമെന്ന് തന്നെയാണ്. തുടർച്ചയായ മൂന്നാം ചിത്രവും ഹിറ്റാക്കാമെന്ന മോഹൻലാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്നതാണോ ലോകഃയുടെ പ്രയാണമെന്ന് മാത്രമാണ് ഇനി കണ്ടറിയേണ്ടത്. ഹൃദയപൂർവ്വത്തിന് മേൽ ലോകഃ പ്രേക്ഷക പ്രശംസ നേടുന്നതിനും പ്രേക്ഷകരെ ആകർഷിച്ചു എന്നതിനുമുള്ള നാല് കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഷീറോ
പതിവ് പ്രതീക്ഷകളിൽ നിന്ന് മാറി സൂപ്പർ ഹീറോയായി എത്തുന്നത് ഒരു സ്ത്രീയാണ്. ലോകയുടെ ആദ്യ ചാപ്റ്ററിൽ പ്രധാനകഥാപാത്രമായി എത്തുമ്പോൾ ലോകയുടെ വരാനിരിക്കുന്ന ബാക്കി സീരീസുകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. മാത്രമല്ല ഈ ഴോണറിൽ ഇനി ഇറങ്ങാൻ പോകുന്ന ചിത്രങ്ങൾക്കും വലിയ പ്രചോദനമാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഫാമിലി ഡ്രാമയായ ഹൃദയപൂർവ്വത്തിനെ ലോക കടത്തിവെട്ടുകയും മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു.
കല്യാണിയും ചന്ദ്രയും
സൂപ്പർ ഹീറോ എന്ന് പറയുമ്പോൾ തന്നെ ആളുകളുടെ മനസ്സിലേക്ക് വരുന്നത് ഒരു മെയിൽ സൂപ്പർ ഹീറോയാകും. എന്നാൽ ഒരു വിപ്ലവത്തിന് ഒരുങ്ങി ലോകഃയിൽ എത്തിയത് കല്യാണി പ്രിയദർശന്റെ ചന്ദ്ര എന്ന സൂപ്പർ ഹീറോ കഥാപാത്രമാണ്. പുരുഷ കഥാപാത്രങ്ങളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിന് അപ്പുറമുള്ള പ്രകടനം തന്നെയാണ് കല്യാണി ചെയ്തു വെച്ചിരിക്കുന്നത്. ലോകഃയിലൂടെ ഹീറോയിസം എന്നത് ഒരു വിഭാഗത്തിന്റെ മാത്രം കൈമുതൽ അല്ലെന്ന് തെളിയിക്കുകയാണ് കല്യാണി. സിനിമയിലെ കല്യാണിയുടെ പ്രകടനം വലിയ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നതാണ്.
നാടോടി കഥകളുടെ ലോകം
പാശ്ചാത്യ നാടുകളിലെ സൂപ്പർ ഹീറോ സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സീരീസ് പരീക്ഷണം നടത്തുമ്പോഴും വളരെ വിദഗ്ദമായും ബുദ്ധിപരമായും കള്ളിയങ്കാട്ട് നീലിയുടെ നാടോടി കഥകളെ ചിത്രത്തിൽ ഇഴചേർത്തിട്ടുണ്ട്. ഒരു സിനിമാറ്റിക്ക് യൂണിവേഴ്സ് എക്സ്പീരിയൻസ് മലയാളികളിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോഴും ആളുകൾക്ക് റിലേറ്റബിളായ നാടോടികഥകളെ സിനിമയിൽ അനായാസം കലർത്തുക എന്നത് വലിയ പരീക്ഷണം തന്നെയായിരുന്നു. സാധാരണ സൂപ്പർ ഹീറോ ചിത്രം പ്രതീക്ഷിച്ച് എത്തുന്ന പ്രേക്ഷകർക്ക് ഇതൊരു വ്യത്യസ്ത അനുഭവം നൽകി.
പ്രതീക്ഷയുടെ അമിതഭാരമില്ലായ്മ
പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാതെയാണ് ദുല്‍ഖറിന്റെ വേഫറര്‍ ‘ലോകഃ’യുടെ ആദ്യ ചാപ്റ്റര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. തുടക്കത്തില്‍ വലിയ ഹൈപ്പ് നല്‍കാതെയാണ് ‘ലോകഃ’യുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സുപ്രധാന കാമിയോ റോളുകളെ കുറിച്ച് യാതൊരു സൂചനയും പുറത്തുവിട്ടില്ല. അങ്ങനെ പുറത്തുവിട്ടാല്‍ ആദ്യദിനം ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ ഇരട്ടി കളക്ഷന്‍ കിട്ടുമായിരുന്നു. എന്നിട്ടും മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം സിനിമ കളം പിടിക്കണമെന്ന തന്ത്രം വിജയം കാണുകയായിരുന്നു.
30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആദ്യദിനം 2.7 കോടി മാത്രമാണ് നേടിയതെങ്കില്‍ രണ്ടാം ദിനം ഇന്ത്യ നെറ്റ് കളക്ഷന്‍ നാല് കോടിയായി ഉയര്‍ന്നു. അഞ്ച് ദിവസത്തിനുള്ളിൽ, ഇന്ത്യയിൽ നിന്ന് ചിത്രത്തിന്റെ മൊത്തം കളക്ഷൻ 31.05 കോടി രൂപയായി. മോഹൻലാൽ നായകനായ ഹൃദയപൂർവം അടക്കമുള്ള മറ്റെല്ലാ ഓണം റിലീസുകളെയും മറികടന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിലാണ്.
















