India News

ഇന്ത്യാ മുന്നണിയുടെ നടപടി രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം: നരേന്ദ്ര മോദി 

ന്യൂഡൽഹി: മരിച്ചു പോയ അമ്മയെ കുറിച്ച് പ്രതിപക്ഷ നേതാക്കൾ നടത്തിയ വിദ്വേഷപരമായ പ്രസം​ഗത്തിൽ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ആർജെഡി – കോൺഗ്രസ് വേദിയിൽ വെച്ച് അധിക്ഷേപിച്ച നടപടിയിലാണ് രാഹുൽ ​ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി മോദി രം​ഗത്തെത്തിയത്. ഇന്ത്യാ മുന്നണിയുടെ നടപടി രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അമ്മ നമ്മുടെ ലോകമാണ്. അമ്മ നമ്മുടെ ആത്മാഭിമാനമാണ്. പാരമ്പര്യസമ്പന്നമായ ഈ ബിഹാറിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്നത് ഞാൻ ചിന്തിച്ചതേയില്ല. ആർജെഡി-കോൺഗ്രസ് വേദിയിൽ വെച്ച് എൻ്റെ അമ്മയെ അധിക്ഷേപിച്ചതായും മോദി പ്രതികരിച്ചു. 

എൻ്റെ അമ്മയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല, എന്നിട്ടും എന്തിനാണ് ആർജെഡിയും കോൺഗ്രസും അവരെ അധിക്ഷേപിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മോദി പറഞ്ഞു. രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത തന്റെ അമ്മയെ എന്തിന് ഈ തർക്കങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.  ഇത്തരം അധിക്ഷേപങ്ങൾ എൻ്റെ അമ്മയോട് മാത്രം നടത്തിയ അധിക്ഷേപമല്ല.  ഈ രാജ്യത്തെ എല്ലാ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും അപമാനിക്കുന്നതിന് തുല്യമാണിത്. അവരുടെ നടപടിയിൽ  ബിഹാറിലെ എല്ലാ അമ്മമാർക്കും എത്രമാത്രം വിഷമം തോന്നിയെന്ന് എനിക്കറിയാം. എന്റെ ഹൃദയത്തിൽ എത്ര വേദനയുണ്ടോ അത്രതന്നെ വേദന ബിഹാറിലെ ജനങ്ങൾക്കുമുണ്ടെന്നും മോദി പ്രതികരിച്ചു.

Related Posts