Business Finance Homepage Featured

ചൈനീസ് ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു; ധാരണാപത്രം ഒപ്പുവച്ചു

അബുദബി: ചൈനയിൽ നിന്നുള്ള വ്യാപാര- വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ കൂടുതൽ വിപണി ലഭ്യമാക്കി. ഇതിന്റെ ഭാഗമായി യിവു മുനിസിപ്പൽ പീപ്പിൾസ് ഗവണ്മെന്റ് വൈസ് മേയർ ഷാവോ ചുൻഹോങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ്പ്‌ ആസ്ഥാനവും ഹൈപ്പർ മാർക്കെറ്റുകളും സന്ദർശിച്ചു.ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫ് അലിയുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ്‌ സിഇഒ സെയ്ഫി രൂപവാല, ഷെജിയങ് കമ്മോഡിറ്റി സിറ്റി ഗ്രൂപ്പ് ജനറൽ മാനേജർ ഗോങ് ഷെങ്ഹാവോ എന്നിവർ ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി മികച്ച ചൈനീസ് ഉത്പന്നങ്ങൾക്ക്‌ നല്ല വിപണി സാധ്യതയാണ് ലുലു നൽകിവരുന്നതെന്നും ഇത് വിപുലമാക്കുന്നതിന്റെ ഭാഗമാണ് പുതിയ ധാരണാപത്രമെന്നും ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫ് അലി വ്യക്തമാക്കി.
ചൈനീസ് ഉത്പന്നങ്ങൾക്ക് പ്രത്യേകിച്ച് യിവുവിൽ നിന്നുള്ളവയ്ക്ക് മികച്ച വിപണി ലഭ്യമാക്കുന്ന ലുലുവിന്റെ നീക്കം പ്രശംസനീയമെന്ന് വൈസ് മേയർ ഷാവോ ചുൻഹോങ് പറഞ്ഞു.

ഹോങ്കോങ്, ഗുവാങ്ഷോ, യിവു, ഫുജിയൻ എന്നിവിടങ്ങളിലായി 25 വർഷത്തിൽ അധികമായി ലുലു പ്രവർത്തിക്കുന്നു. 300ൽ അധികം ചൈനീസ് സ്വദേശികൾക്ക് തൊഴിൽ നൽകുന്നുണ്ട്. ചൈനയിൽ നിന്ന് ജിസിസിയിലേക്ക് ലുലു 250 മില്യൺ ഡോളറിന്റെ വാർഷിക കയറ്റുമതി നടത്തുന്നുണ്ട്.

Related Posts