ചരിത്രത്തിനുമപ്പുറം മനുഷ്യന്റെ കരവിരുത് പതിയപ്പെട്ട ശിലാ ഗുഹകളാണ് ഭിംബേട്ക ഗുഹാ സമുച്ചയം. മനുഷ്യ രാശിയുടെ ചരിത്രമാണ് മധ്യപ്രദേശിലെ ഭീംബെട്ക യിലൂടെ പറയുന്നത്. മദ്ധ്യപ്രദേശിലെ റൈസൻ ജില്ലയിലാണ് ഭിംബേഡ്ക യിലെ ശിലാ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. എഴുനൂറിലധികം ഗുഹകൾ ചേർന്നതാണ് ഭിംബേട്ക യിലെ ഗുഹാ സമുച്ചയം. ഭോപാലില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ വിന്ധ്യാചല നിരകളുടെ തെക്കേ അറ്റത്താണ് ഭീംബെട്ക.
പ്രാചീന ശിലായുഗം തൊട്ട് മധ്യകാലഘട്ടം വരെ മനുഷ്യരുടെ വാസസ്ഥല മായിരുന്നു ഇവിടം. ഭൂമിയിലെ തന്നെ മനുഷ്യവാസമുണ്ടായിരുന്ന ഏറ്റവും വലിപ്പമേറിയ ഗുഹാ സമുച്ചയങ്ങളിൽ ഒന്നാണിത്. ഭീംബട്ക എന്ന പേരിനു പിന്നിൽ പാണ്ഡവരിൽ ഒരാളായ ഭീമനുമായി ഈ സ്ഥലത്തിനുള്ള പൗരണിക ബന്ധത്തിൽ നിന്നാണ്. ബകാസുരന് വേണ്ടി കാളവണ്ടിയിൽ ഭക്ഷണവുമായി പോയ ഭീമസേനൻ ബകനെ കാത്തിരുന്നത് ഈ പാറക്കൂട്ടത്തിൽ ആണെന്നാണ് ഐതിഹ്യം.
മണല്‍പ്പാറകളില്‍ പൂര്‍വികര്‍ വരഞ്ഞിട്ട ചിത്രങ്ങളെ 1957 ൽ പുരാവസ്തു ഗവേഷകനായ വിഷ്ണു ശ്രീധർ വാക്കേങ്കര്‍ ആണ് ആദ്യം കണ്ടെത്തിയത്. ഇന്ത്യയിൽ മനുഷ്യ വാസത്തിന്റെ ഏറ്റവും പഴക്കമുള്ള അവശിഷ്ടങ്ങൾ ഇവിടെ നിന്നാണ് കിട്ടിയത്. ഈ സ്ഥലത്തിന്റെ പ്രാധാന്യം മനസിലാക്കിയ യുനെസ്‌കോ ഭിംബേട്ക ഗുഹാ സമുച്ചയത്തെ ഒരു ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു .
ചുവപ്പ്, വെള്ള, ഓക്കര്‍ നിറങ്ങൾ ഉപയോഗിച്ചാണ് ഇവിടെയുള്ള ചിത്രങ്ങളില്‍ കൂടുതലും അടയാള പെടുത്തിയത്. മരങ്ങളുടെ ഇലകളില്‍ നിന്നും കായകളില്‍ നിന്നും ഉണ്ടാക്കിയവയാകണം ഈ ചായക്കൂട്ടുകൾ. ഭിംബേട്ക ഗുഹാ സമുച്ച യത്തിലെ ഏറ്റവും ആശ്ചര്യകരമായ കാലസൃഷ്ടിയാണ് ശൂലപാണിയായ നർത്തകന്റേത്. മങ്ങി പോയെങ്കിലും പെയ്ന്റിങ്ങിന്റെ ഔട്ട് ലൈനുകൾ ഇപ്പോഴും വ്യക്തമായി കാണാം.
ഇവിടെ വരച്ചിട്ടുള്ള എഴുന്നൂറോളം ചിത്രങ്ങള്‍ ശിലാഗൃഹങ്ങളില്‍ മനുഷ്യസമൂഹങ്ങളുടെ ആവിര്‍ഭാവത്തിന്റെയും സാംസ്‌കാരിക വികാസത്തിന്റെയും കഥ പ റഞ്ഞുതരും. ചില ചിത്രങ്ങൾക്ക് 12000 മുതല്‍ 25000 വരെ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. മൃഗങ്ങളും , പുരാതന മനുഷ്യ രൂപങ്ങളുമാണ് ഈ ഗുഹാ സമുച്ചയത്തിലെ പ്രധാന കലാസൃഷ്ടികൾ .
ആനകൾ ,കടുവകൾ മാനുകൾ , ബെസണുകൾ , മയിലുകൾ, പാമ്പുകൾ, വേട്ടക്കാർ, ഗര്‍ഭിണികള്‍, അമ്മയും കുഞ്ഞും, സംഗീത ഉപകരണങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയുടെയെല്ലാം പ്രതീകങ്ങള്‍ ഗുഹയുടെ അകത്തളങ്ങളെ അലങ്കരിക്കുന്നു. പ്രകൃതിയുടെയും മനുഷ്യ സംസ്‌കൃതിയുടെയും ബന്ധത്തിന്റെ തെളിവുകൾ ആണ് ഇവ.
ആസ്ത്രേലിയയിലെ കകടു ദേശീയോദ്യാനം, കലഹാരി മരുഭൂമിയിലെ കാട്ടുമനുഷ്യരുടെ ഗുഹാചിത്രങ്ങൾ, ഫ്രാൻസിലെ അപ്പർ പാലിയോലിഥിക് കാലത്തെ ലസ്കാ ഗുഹാചിത്രങ്ങൾ എന്നിവയുമായി ഒട്ടേറെ സാമ്യം കാണിക്കുന്നു.
ഇതിന് പുറമേ ചെറിയ ബുദ്ധമത സ്തൂപങ്ങള്‍, കല്ലുകള്‍ കൊണ്ട് നിര്‍മിച്ച വീടുകള്‍, ഗുപ്തകാല ഘട്ടത്തിലെ ശിലാ ലിഖിതങ്ങള്‍,ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ തുടങ്ങി ചരിത്രവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഭീംബെട്കയിൽ ഉണ്ട്. ജൂലായ് മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യം.
















