മേജർ രവിയുടെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് കീർത്തി ചക്ര. ഇന്ത്യൻ ആർമി കഥാപശ്ചാത്തലം ആയി വരുന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിൽ മോഹൻലാലിന് പകരം പ്രധാന കഥാപാത്രമായി കണ്ടിരുന്നത് ബിജു മേനോനെയാണെന്നും എന്നാൽ പിന്നീട് അതിൽ മാറ്റം വരുത്തേണ്ടി വന്നെന്നും, വർഷങ്ങൾക്ക് ശേഷം തുറന്ന് പറയുകയാണ് മേജർ രവി. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അനുഭവം പങ്കുവെച്ചത്.
2000 മുതൽ കീർത്തി ചക്രയുടെ കഥയുമായി നടക്കുകയായിരുന്നു. ചിത്രത്തിൽ ബിജു മേനോനെയാണ് നായകനായി കണ്ടിരുന്നത്, കഥ പറഞ്ഞപ്പോൾ ബിജു മേനോന് ഇഷ്ടപ്പെടുകയുടെ ചെയ്തിരുന്നു. എന്നാൽ സിനിമയ്ക്ക് വേണ്ടി നടൻ കൊണ്ടുവന്ന പ്രൊഡ്യൂസർമാർ തീരുമാനങ്ങളെ മാറ്റിമറിക്കുകയായിരുന്നു. കഥ കേൾക്കാൻ അവർ വന്നെങ്കിലും ബിജു മേനോനും അമേരിക്കയിൽ നിന്ന് വന്ന പ്രൊഡ്യൂസർമാരും ഒന്നും ശ്രദ്ധിക്കാതെ ചീട്ട് കളിക്കുകയായിരുന്നു എന്ന് മേജർ രവി പറഞ്ഞു.
ചീട്ടുകളിക്കുന്നത് കണ്ടപ്പോൾ അഞ്ച് മിനിറ്റ് കഥ പറഞ്ഞ് നിർത്തി ഇറങ്ങുകയായിരുന്നു. അന്ന് അവിടെ പറഞ്ഞ കാര്യങ്ങൾ ഇവിടെ പറയാൻ പറ്റില്ല. ഇറങ്ങാൻ നേരം ബിജുവിനോട് പ്രൊഡ്യൂസർമാർ പടം ചെയ്യില്ല, നിന്നെ ചീട്ട് കളിക്കാൻ വിളിച്ചതാണെന്നും പറഞ്ഞു. ബിജു മറുപടി പറയാൻ ശ്രമിച്ചു, എന്നാൽ മിണ്ടിപ്പോകരുത് എന്ന് മേജർ രവി പറഞ്ഞതായി അഭിമുഖത്തിൽ പറഞ്ഞു.
ആ സംഭവത്തിന് ശേഷം രണ്ട് വർഷത്തോളം സ്ക്രിപ്റ്റ് അവിടെ ഇരുന്നുവെന്നും പിന്നീട് ഒരിക്കൽ ഈ കഥ മോഹൻലാലിനോട് പറഞ്ഞാലോ എന്ന് തോന്നിയപ്പോഴാണ് സ്ക്രിപ്റ്റ് പൊടി തട്ടിയെടുത്ത് കഥ പറഞ്ഞതെന്നും അദ്ദേഹം ഓർത്തെടുത്തു. മോഹൻലാലിനോട് കഥ പറഞ്ഞ ഉടൻ തന്നെ സിനിമ ചെയ്യാൻ ഡേറ്റ് കിട്ടി. ഇനി എങ്ങനെ ഷൂട്ട് ചെയ്യുമെന്നായിരുന്നു അടുത്ത ടെൻഷൻ. എങ്ങനെയോ ചിത്രീകരണം പൂർത്തിയാക്കി പുറത്തിറക്കി എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ മേജർ രവിയുടെ സിനിമകൾക്ക് ഒരു കാലത്ത് വലിയ ആരാധകർ തന്നെ ഉണ്ടായിരുന്നു. അത്തരം സിനിമകളുടെ സംവിധാനത്തിന് പുറമേ അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് മേജർ രവി.