തിരുവനന്തപുരം: ചരിത്ര വിലയുമായി സ്വർണ വിപണി കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോർഡുകൾ തിരുത്തി സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലാദ്യമായി 77000 കടന്നു. 680 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ പവൻ്റെ വില 77,640 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് അടുത്തെത്തി. 9,705 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വൻ ചാഞ്ചാട്ടമാണ് സ്വർണവില സൃഷ്ടിക്കുന്നത്. കൂടിയ വിലയിൽ ഉപഭോക്താക്കൾ മടിച്ചു നിൽക്കുമോ എന്നാണ് വ്യാപാരികളുടെ ആശങ്ക.
രാജ്യാന്തര വിപണിയില്‍ താരിഫ് ഭീഷണി കാരണം സ്വര്‍ണവില കുതിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇന്ത്യന്‍ രൂപ മൂല്യം ഇടിയുക കൂടി ചെയ്തതോടെ സ്വര്‍ണം മിന്നിത്തിളങ്ങുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
















