മലബാറുകാരുടെ പ്രത്യേകിച്ച് വയനാട്ടുകാരുടെ ചിരകാല അഭിലാഷത്തിനാണ് ഇന്ന് തുടക്കമായത്. ചുരം പാതയല്ലാതെ ഒരു ബദൽ പാതവേണമെന്ന പതിറ്റാണ്ടുകളുടെ ആവശ്യത്തിനാണ് ഇന്ന് ആഘോഷസമാനമായ തുടക്കം കുറിച്ചത്. വികസനക്കുതിപ്പിന് വഴിതുറയ്ക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
വൈകീട്ട് നാലിന് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. കേരളത്തിലെ ഏറ്റവും നീളംകൂടിയതും ഇന്ത്യയിലെ മൂന്നാമത്തെ നീളംകൂടിയ ഇരട്ടതുരങ്കപാതയുമാണിത്. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളമാണുള്ളത്. കോഴിക്കോട് ജില്ലയില്‍ മുറിപ്പുഴ-മുത്തപ്പന്‍പുഴ-ആനക്കാംപൊയില്‍ റോഡുമായും വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡുമായുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 8.11 കിലോമീറ്റര്‍ ദൂരം ഇരട്ടത്തുരങ്കങ്ങളാണ്.
നാലുവര്‍ഷമെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വയനാടിന്റെ യാത്രാദുരിതത്തിന് അറുതിയാകും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് നിര്‍മാണ ഏജന്‍സി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. വനഭൂമി നേരത്തേതന്നെ കൈമാറിയതാണ്. 90 ശതമാനം സ്വകാര്യഭൂമിയും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍, വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, പട്ടികസമുദായ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍. കേളു, എംഎല്‍എമാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, പി.ടി.എ. റഹീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വയനാട് ജില്ല രൂപീകരിച്ചത് മുതൽ ഉള്ള ആവശ്യമാണ് താമരശ്ശേരി ചുരം വഴിയുള്ളതല്ലാതെ ഒരു പാതവേണമെന്നത്. എല്ലാ മഴക്കാലത്തും ഈ ആവശ്യം ശക്തമാകും. പക്ഷേ പിന്നീട് പറഞ്ഞ് പറഞ്ഞ് അത് പിന്നത്തേക്ക് മാറ്റിവെക്കും. ഇത് കാലാകാലങ്ങളായി നടക്കുന്ന പ്രക്രിയയാണ്. നിലമ്പൂർ വഴിയുള്ള പാതയും റെയിൽവേ ലൈനും ഉൾപ്പെടെ പല പല പദ്ധതികളും ഇതിനോടകം ചർച്ചയായി. പക്ഷേ ഒന്നും പ്രായോഗികമോ ശാസ്ത്രീയമോ ആയിരുന്നില്ല. ഏറെ നാളത്തെ വിശദ പഠനങ്ങൾക്കൊടുവിലാണ് ഈ പാതയിലേക്ക് സർക്കാർ എത്തിയത്.
നിരന്തരം മണ്ണിടിച്ചിലും മഴയും തുടരുമ്പോൾ വയനാട് കേരളത്തിൽനിന്നേ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയ്ക്ക് ഇനി അറുതിയാകും. വയനാട്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസിനും വഴി എളുപ്പമാകും.. മതിയായ യാത്രാ സൌകര്യങ്ങളില്ലാതെ റോഡിൽ പൊലിഞ്ഞ നൂറു കണക്കിനാളുകളുടെ ജീവന്റെ വിലയിലാണ് ഈ പാതയൊരുങ്ങുന്നത്. ഏറെ വെല്ലുവിളികളെ അതിജീവിച്ച് തുടരുന്ന പാത നിർമാണ് കേവലം നാല് വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയും എന്നാണ് സർക്കാർ ഉറപ്പു പറയുന്നത്. വയനാടിന് ഇനി ആശ്വസിക്കാം താമരശ്ശേരി ചുരത്തെ മാത്രം ആശ്രിയിക്കാതെ ആ വഴി തടസ്സപ്പെട്ടാലും കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും എത്താൻ കഴിയുക എന്ന അവരുടെ എക്കാലത്തെയും മോഹം സഫലമാകാൻ ഇനി ഏതാനും വർഷങ്ങൾ കൂടി മതി.
















