കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ അതുല്യ ഗാർഹിക പീഡനത്തിന് ഇരയായതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അതുല്യ മരണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് സതീഷ് ശങ്കർ യുവതിയെ മർദിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. സതീഷ് അതുല്യയെ കൊലപ്പെടുത്തുംഎന്ന് ഭീഷണി മുഴക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതുല്യയുടെ കുടുംബം ഈ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി.
‘‘നീയെങ്ങോട്ട് പോകാനാടീ, നിന്നെ ഞാന്‍ കുത്തിമലര്‍ത്തി ജയിലില്‍ പോകും, നിന്നെ ഞാന്‍ എവിടെയും വിടില്ല. കുത്തി മലര്‍ത്തി സതീഷ് ജയിലില്‍ പോയി കിടക്കും. ഞാനില്ലാതെ നിനക്ക് ജീവിക്കാനാകില്ല. ജീവിക്കാന്‍ സമ്മതിക്കില്ല. ക്വട്ടേഷന്‍ നല്‍കിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട,’’ പുറത്ത് വന്ന ദൃശ്യങ്ങളിൽ സതീഷ് പറയുന്നു.
അസഭ്യം പറയുന്നതും പീഡിപ്പിക്കുന്നതും ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയിലും അതുല്യയ്ക്ക് മര്‍ദനമേറ്റിരുന്നു. വീഡിയോയിൽ മര്‍ദനമേറ്റ് അതുല്യ കരയുന്നതും മേശയ്ക്കു ചുറ്റും അതുല്യയെ ഓടിക്കുകയും അടിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം ഇടയിൽ പത്ത് വർഷമായി പീഡനം സഹിക്കുന്നുണ്ട് എന്ന് അതുല്യ വിഡിയോയിൽ പറയുന്നതും കേൾക്കാം.
സതീഷ് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ എത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിച്ചപ്പോൾ വിട്ടയക്കുകയായിരുന്നു. അതുല്യയുടെ മരണത്തിന് കാരണം സതീഷിന്റെ ഗാർഹികവും മാനസികവുമായ പീഡനങ്ങൾ ആണെന്ന് ചൂണ്ടികാണിച്ച് യുവതിയുടെ കുടുംബം പരാതി നൽകിയിരുന്നു. കേസിൽ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഹാജരാക്കിയ ദൃശ്യങ്ങൾ പഴയതാണ് എന്ന് പ്രതിഭാഗം വാദിച്ചു.