Lead News News World

ഇന്ത്യയോട് നിലപാട് കടുപ്പിച്ച് അമേരിക്ക; യൂറോപ്യൻ യൂണിയനുമുന്നിൽ പുതിയ നിബന്ധനയുമായി ട്രംപ്

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയ്ക്ക് പിന്നാലെ കൂടുതൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് അമേരിക്ക. അതിന്റെ ആദ്യപടിയെന്നോണം യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുകയാണ്  അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 

ഇന്ത്യയിൽ നിന്ന് എണ്ണയും വാതകങ്ങളും വാങ്ങിക്കുന്നത് പൂർണമായി നിർത്തണമെന്നും വൈറ്റ് ഹൗസ് ഔദ്യോഗികമായി യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടാനാണ് ഈ നീക്കം. അമേരിക്ക ചെലുത്തിയ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങാത്തതും ചൈനയും ഇന്ത്യയും സൗഹൃദം ശക്തമാക്കുന്നതുമാണ് പുതിയ നീക്കത്തിലേക്ക് ട്രംപിനെ നയിച്ചത്.

റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈ. യൂറോപ്യൻ രാജ്യങ്ങളും റഷ്യയിൽ നിന്ന് ഊർജ്ജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് മാത്രം 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നീക്കങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് മേലുള്ള അധിക തീരുവ വിമർശിക്കപ്പെട്ടതെങ്കിലും ഇന്ത്യയെ മാത്രം വരുതിക്ക് നിർത്താനുള്ള നടപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.

റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനോട് മിക്ക യൂറോപ്യൻ രാജ്യങ്ങളും എതിർപ്പ് അറിയിച്ചിട്ടില്ല. ട്രംപിന്റെ താരിഫ് നീക്കത്തെ പരസ്യമായി പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. ടിയാൻജിനിൽ ഇന്നും നാളെയുമായി നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഇവിടെ വച്ച് ഇവരെല്ലാം തമ്മിൽ കൂടിക്കാഴ്ച നടത്തും. അതിനാൽ തന്നെ അമേരിക്കയുടെ സമ്മർദ്ദം ഇവിടെ ചർച്ചയാകും. ഈ സാഹചര്യത്തിലാണ് അമേരിക്ക ഇന്ത്യക്കെതിരെ തിരിയാൻ യൂറോപ്യൻ യൂണിയന് മേൽ സമ്മർദ്ദം ചെലുത്തുന്നത്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ മാത്രമല്ല അമേരിക്ക അധിക തീരുവ ചുമത്തിയതെന്ന് വാർത്തകൾ വന്നിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നൊബേൽ മോഹത്തിന് ഇന്ത്യ പിന്തുണ നൽകാത്തതാണ് കാരണമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യാ പാക് സംഘർഷവും അവസാനിച്ചത് ഡോണാൾഡ് ട്രംപിന്റെ അവസോരിച ഇടപെടലിലൂടെയാണെന്ന് നേരത്തെ തന്നെ ട്രം പ് അവകാശവാദം ഉന്നയച്ചിരുന്നു. എന്നാൽ ഇക്കാര്യം പൂർണമായും മോദി നിഷേധിച്ചു. 

മൂന്നാമത് ഒരു രാജ്യത്തെ ഇന്ത്യയുടെ കാര്യത്തിൽ ഇടപെടാൻ അനുവദിച്ചതിനെ ചൊല്ലി രാജ്യത്ത് വൻതോതിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നിരുന്നു ഈ സാഹര്യത്തിൽ കൂടയാണ് മോദി ട്രംപിനെ നിരാകരിച്ചത്. ഈ പ്രസ്താവനയോടെ അമേരിക്കയുമായി പ്രത്യക്ഷത്തിൽ ഇന്ത്യ അകലുകയായിരുന്നു. മാത്രമല്ല തുടർന്ന് പാകിസ്താനുമായി അടുപ്പം കാട്ടുകയും ചെയ്തു. ഒരു മാസത്തിനിടെ രണ്ട് തവണ അമേരിക്കയിലെത്തിയ പാക് സൈനിക മേധാവി അമേരിക്കൻ മണ്ണിൽ വെച്ച് ഇന്ത്യെക്കെതിരെ കടുത്ത വെല്ലുവിളിയും ഉയർത്തി. ഇതിനോട് ട്രംപ് പ്രതികരിക്കുക പോലും ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് ഇക്കാര്യം സൂചിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയുടെ നിലപാടിലെ ഇരട്ടത്താപ്പിനെ കുറിച്ച് തുടക്കം മുതലേ അഭിപ്രായ ഭിന്നത ഉയർന്നിരുന്നു. റഷ്യ- യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സാമ്പത്തികമായി സഹായിക്കുന്ന നടപടിയാണ് ഇന്ത്യ കൈക്കൊള്ളുന്നത് എന്നായിരുന്നു അമേരിക്ക ഉയർത്തിയ വാദഗതി.  എന്നാൽ ഈ വാദത്തെ പൂർണമായും നിരാകരിക്കുന്ന കണക്കുകളാണ് ഇന്നലെ യുക്രൈനിൽ നിന്ന് പുറത്തു വന്നത് .. ഇക്കഴിഞ്ഞ മാസം യുക്രൈനിലേക്ക് കൂടുതൽ ഡീസൽ കയറ്റുമതി ചെയ്തതത് ഇന്ത്യയാണെന്ന് കണക്കുകൾ പറയുന്നു. അമേരിക്ക നിലപാട് കടുപ്പിക്കുമ്പോൾ അതിനെ മറികടക്കാനുളള തന്ത്രങ്ങൾ അന്തർദേശീയ തലത്തിൽ ഏകോപിപ്പിക്കുകയാണ് ഇന്ത്യ.

Related Posts