ന്യൂഡൽഹി: ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയ 50 ശതമാനം പിഴചുങ്കത്തിന് പിന്നാലെ അമേരിക്കൻ ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യയിൽ പുതിയ ക്യാമ്പയിൻ. യോഗാ ഗുരു ബാബാ രാംദേവാണ് പുതിയ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ ലോകത്തിലെ ഏറ്റവും ഉയർന്നതാണെന്നും അതിനാൽ തന്നെ ട്രംപിനും അമേരിക്കൻ ഭരണകൂടത്തിനും മറുപടിയെന്ന പോലെ അമേരിക്കൻ ഉത്പ്പന്നങ്ങൾ ഭാരതീയർ ബഹിഷ്കരിക്കണെന്നും ബാബ രാംദേവ് പറയുന്നത്.
പെപ്സി, കൊക്കകോള, സബ്വേ, കെഎഫ്സി, മക്ഡൊണാൾഡ്സ് തുടങ്ങിയ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ ബഹിഷ്കരിക്കണമെന്നാണ് ബാബ രാംദേവിന്റെ ആവശ്യം. ഇത്തരത്തിലുള്ള അമേരിക്കൻ കുത്തകകമ്പനികളെ രാജ്യത്ത് ബഹിഷ്കരിക്കാൻ ക്യാമ്പയിൻ ആരംഭിക്കണമെന്നും ബാബാ രാംദേവ് പറയുന്നു. “പെപ്സി, കൊക്കകോള, സബ്വേ, കെഎഫ്സി, മക്ഡൊണാൾഡ്സ് എന്നിവയുടെ ഷോപ്പുകളിലോ അതിന്റെ കൗണ്ടറുകളിലോ ഒരു ഇന്ത്യക്കാരനെ പോലും കാണരുത്. അത്രയും ഭയക്കുന്ന ബഹിഷ്കരണം ഇന്ത്യയിലുണ്ടാകണം, ഇത്തരം ബഹിഷകരണങ്ങൾ അമേരിക്കയെ സമ്മർദ്ദത്തിലാക്കും,” ബാബാ രാംദേവ് പറഞ്ഞു.
ഓഗസ്റ്റ് 27 മുതൽ ഇന്ത്യയ്ക്ക് 25% അധിക യുഎസ് താരിഫുകൾ ഏർപ്പെടുത്തിയത്. “രാഷ്ട്രീയ ഭീഷണി, ഗുണ്ടായിസം, സ്വേച്ഛാധിപത്യം എന്നീ നിലകളിൽ അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം താരിഫുകളെ ഇന്ത്യൻ പൗരന്മാർ ശക്തമായി എതിർക്കണമെന്നും അദ്ദേഹം ആവർത്തിച്ചു. ഫ്രാൻസ്, യു.കെ, കാനഡ തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളും അമേരിക്കൻ ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിച്ച് തുടങ്ങി. 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യ, യുഎസ് കമ്പനികളെ ബഹിഷ്കരിക്കുന്നത് വൻ നഷ്ടങ്ങൾക്കും ഗുരുതരമായ വെല്ലുവിളികൾക്കും കാരണമാകും. “സ്വദേശി” അല്ലെങ്കിൽ തദ്ദേശീയമായി ഉത്പാതിപ്പിച്ച വസ്തുക്കൾ വാങ്ങാനും ഉപയോഗിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നതിന്റെ കാര്യകാരണങ്ങളും അദ്ദേഹം സൂചിപ്പിച്ചു.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റാൻ ആഗ്രഹിക്കുന്ന ഏതൊരാളും, രാഷ്ട്രീയ പാർട്ടിയും, ഏതൊരു നേതാവും, രാജ്യത്തിന്റെ താൽപ്പര്യത്തെക്കുറിച്ച് സംസാരിക്കുകയും തദ്ദേശീയ ഉത്പ്പന്നങ്ങൾ ‘ വാങ്ങാൻ ദൃഢനിശ്ചയം ചെയണമെന്നും ബാബ പറയുന്നു.അതേസമയം ബാബ രാംദേവന്റെ ക്യാമ്പയിൻ ഉത്തരേന്ത്യയിൽ കത്തിപ്പടരുന്നുണ്ട്. ബഹിഷ്കരണ ഭീഷണി മൂലം കനത്ത ജാഗ്രതയിലാണ് ഇന്ത്യയിലെ അമേരിക്കൻ ബഹുരാഷ്ട്രാ കമ്പനികൾ.