Homepage Featured Kerala News

കോവിഡിന് ശേഷം മാതൃ-ശിശു മരണ നിരക്കിൽ കുറവ്; കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും: വീണ ജോർജ്

തിരുവനന്തപുരം: കോവിഡിന് ശേഷം മാതൃ-ശിശു മരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. യെസ് 27 മീഡിയയുടെ അഭിമുഖത്തിൽ വി ആർ രജനീഷിനോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മന്ത്രിയായി ചുമതലയേൽക്കുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം മുപ്പത്തയ്യായിരം കടന്നിരുന്നു. മെയ് മാസം വരെയുള്ള കണക്കെടുക്കുമ്പോൾ അയ്യായിരത്തോളം മരണം ഉണ്ടായി.രണ്ടാം തരംഗം കോവിഡ് എത്തുമ്പോൾ പുതിയ സ്ട്രാറ്റജി കൊണ്ടുവരണമായിരുന്നു.

കാരണം ഇനിയും ലോക്‌ഡോൺ എന്നും പറഞ്ഞു അടച്ചിടാൻ പറ്റില്ല. കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. സാമൂഹ്യാവസ്ഥ സ്തംഭിക്കും. അതുകൊണ്ടു മൈക്രോ കണ്ടൈൻമെന്റിലേക്കു വന്നു. എവിടെയാണോ പ്രശ്‍നം രൂക്ഷമാവുന്നത്, അവിടെ മാത്രം അടച്ചിടുക. പിന്നെ വാക്‌സിനേഷൻ വന്നു. മെഡിക്കൽ കോളേജുകളിൽ കോവിഡ് കേസ് മാത്രമേ ഉള്ളു. വേറെ ഒരു സർജറി പോലും നടക്കുന്നുണ്ടായിരുന്നില്ല. ഒക്ടോബർ ആയപ്പോൾ രണ്ടു സെക്ഷൻ ഒരുമിച്ചു ആരംഭിച്ചു. ഒന്ന് എലെക്റ്റിവ് സർജറി മറ്റൊന്ന് കോവിഡിന്റെ വിഭാഗം.

കോവിഡ് രണ്ടാം വരവ് 2021 നവംബർ വരെ നീണ്ടു നിന്നു. ജനുവരി ആയപ്പോൾ മൂന്നാം തരംഗം എത്തി. ഒമി ക്രോൺ. ഒരു ദിവസം നാല്പത്തിഅയ്യായിരം രോഗികൾ ആയി. രണ്ടാം തരംഗം ആയിരുന്നു ഏറ്റവും ഭീകരം. എന്നാൽ സർക്കാരിന്റെ കൃത്യമായ ഇടപെടലിലൂടെ നവജാത ശിശു മരണ നിരക്ക് കുറഞ്ഞു.

ആരോഗ്യ രംഗത്ത് വൻ മാറ്റങ്ങളുണ്ടായി. ഡയാലിസിസ് യൂണിറ്റ് ഉള്ള താലൂക്ക് ആശുപത്രികളുടെ കാര്യമെടുത്താൽ, വെറും 27 ആശുപത്രികളിൽ കൂടിയേ സംവിധാനം ഒരുക്കാൻ അവശേഷിക്കുനുള്ളു. ഭൂരിപക്ഷം ആതുരാലയങ്ങളും ആധുനികവത്കരിച്ചു. റോബോട്ടിക് സർജറിയിൽ മുന്നേറ്റമുണ്ടായി. റോബോട്ടിക് സൊല്യൂഷൻ , എ ഐ സഹകരണത്തോടെ ജീഹായ്റ്റർ പോലുള്ള സംവിധാനങ്ങൾ കൊണ്ടുവന്നു. ട്രിപ്പോ സംവിധാനം അവതരിപ്പിച്ചു. ട്രിപ്പ് തീർന്നാൽ നഴ്സിംഗ് സ്റ്റേഷനറിൽ അറിയാൻ സാധിക്കും. ഇ ഹെൽത്ത് സംവിധാനത്തിൽ മികച്ച റിസൾട്ട് ഉണ്ടാക്കി. ശൈലി ആപ് രൂപീകരിച്ചിട്ടു മൂന്നു വർഷം ആവുന്നു. വളരെ വിജയകരമായി മുന്നേറുകയും ചെയ്യുന്നു.

ചിലവേറിയ മജ്ജ മാറ്റിവെക്കൽ പോലുള്ള സർജറികൾ, മലബാർ ക്യാൻസർ സെന്ററിൽ ഉൾപ്പെടെ സാധ്യമാക്കി. കുഞ്ഞുങ്ങൾക്ക് മജ്ജ മാറ്റിവെക്കൽ സർജറി സൗജന്യമായി നടത്തുന്നതിനുള്ള സംവിധാനം ആരംഭിച്ചു. ഹൃദയം മാറ്റിവെക്കൽ, കരൾ മാറ്റി വെക്കൽ തുടങ്ങിയ വില കൂടിയ സർജറികൾ സർക്കാർ സംവിധാനത്തിലൂടെ നടത്തി തുടങ്ങി. നേരത്തെ മെഡിക്കൽ കോളേജുകളിൽ മാത്രം നടത്തിയിയരുന്ന ശസ്ത്രക്രിയകൾ ഇപ്പോൾ താലൂക്ക് ആശുപത്രികളിലും ലഭ്യമാണ്.

തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയം എങ്ങനെ കണ്ടെത്തും എന്നതായിരുന്നു അടുത്ത ചോദ്യം. കുട്ടികൾക്കൊപ്പം ഇരിക്കാൻ കൂടുതൽ സമയം കിട്ടുന്നില്ല എന്നായിരുന്നു മന്ത്രിയുടെ സങ്കടം. തിരുവനന്തപുരത്തു ഉള്ളപ്പോൾ രാത്രി ഒൻപതു വരെ ഓഫീസിലായിരിക്കും. അല്ലാത്തപ്പോൾ യാത്രയിലായായിരിക്കും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമ്പോൾ ടി വിയിൽ നോക്കി മകൻ പൊട്ടിക്കരഞ്ഞു. അമ്മ പോകണ്ട എന്നായിരുന്നു മോന്റെ അഭിപ്രായം. തിരുവനന്തപുരത്തേക്ക് മാറുമ്പോൾ കൂട്ടുകാരെ കാണാൻ പറ്റില്ല എന്നതായിരുന്നു മക്കളുടെ വല്യ സങ്കടം. ഇപ്പൊ അവരുടെ വിഷമങ്ങൾ മാറി എന്നാണ് വിശ്വാസം. എല്ലാക്കാര്യങ്ങളിലും കുടുംബത്തിന്റെ ഫുൾ സപ്പോർട്ട് ഉണ്ട്. അവരെല്ലാം ടെൻഷൻ ഷെയർ ചെയ്യാറുണ്ട്. വർഷത്തിൽ രണ്ടു തവണ എങ്കിലും കുടുംബമൊന്നിച്ചു യാത്രകൾ പോകാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എങ്ങനെയാണ് ടീമിനെ ഒത്തൊരുമിച്ചു കൊണ്ടുപോകുന്നതെന്ന ചോദ്യത്തിന് നിറചിരിയോടെയായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. വളരെ
എഫിഷ്യന്റ് ആയിട്ടുള്ള സഹപ്രവർത്തകരാണ് കൂടെയുള്ളത്. എന്റെ ടീമിനെ പൂർണമായും വിശ്വസിക്കുന്നു. അവർക്കു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നു. അവരുടെ വർക്കിനെ മാനിക്കുന്നു. ഒരു ലീഡറിന്റെ ചുമതല അവരെ കോ ഓർഡിനേറ്റ് ചെയ്യുക എന്നത് മാത്രമാണ്. അവരെ മോട്ടിവേറ്റ് ചെയ്യുക എന്നതിലാണ് പ്രാധാന്യം. നിപയുടെ സമയത്തു ടീം വർക്ക് ഏറെ പ്രയോജനപ്പെട്ടു.

പത്രപ്രവർത്തക എന്ന നിലയിൽ എല്ലാ വിഭാഗങ്ങളും കൈകാര്യം ചെയ്തിട്ടുണ്ടാവണം. എന്നിരുന്നാലും അക്കാലത്തു ആരോഗ്യമേഖലയോടുള്ള സമീപനം ഇത്തരത്തിലുള്ളതായിരുന്നു എന്നാണ് ചോദ്യത്തിന് രസകരമായ മറുപടിയായിരുന്നു വീണ ജോർജ് പങ്കു വെച്ചത്. “എന്റെ വിഷയം ഫിസിക്സ് ആയിരുന്നു. രസം എന്താണെന്നു വെച്ചാൽ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത വിഷയമായിരുന്നു ബയോളജി. ചെറിയ ക്ലാസ്സിൽ മന്തിന്റെ പടമുള്ള പുസ്തകത്തിലെ ആ പേജ് മറച്ചു വെച്ച് വായിക്കും. അത്തരം കാര്യങ്ങൾ കാണുന്നത് പോലും താങ്ങാൻ കഴിയുമായിരുന്നില്ല. അന്നൊരിക്കലും വിചാരിച്ചിരുന്നില്ല ആരോഗ്യമേഖലയിൽ പ്രവർത്തിക്കേണ്ടി വരും എന്ന്.

വയനാട് ജില്ലയിൽ മേപ്പാടി ദുരന്തം നടന്ന സന്ദർഭത്തിൽ അവിടെ പോയിരുന്നു. മൃതശരീരങ്ങളിൽ പലതും ഛിന്നഭിന്നമായ നിലയിലായിരുന്നു. നമ്മുടെ ആരോഗ്യ പ്രവർത്തകർ അവ തിരിച്ചറിയുന്ന ജോലിയിലായിരുന്നു. അവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങളാണ്. സാഹചര്യങ്ങൾ നമ്മളെ കരുത്തരാക്കുകയാണ്. നമ്മൾ പഠിച്ച കാര്യങ്ങൾ ഈ മേഖലയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും സഹായിക്കും. ബി എഡ് പഠിച്ചത് ജീവിതത്തിൽ ഒരുപാട് ഗുണം ചെയ്തു. നമ്മുടെ മുന്നിലിരിക്കുന്ന കുട്ടിയെ കണക്കു പഠിപ്പിക്കണമെങ്കിൽ കുട്ടിയേയും അറിയണം കണക്കും അറിയണം എന്നാണല്ലോ. ഞാനെന്റെ ടീമിനോട് അതിത്തിരി മാറ്റം വരുത്തി പറയും ,രോഗം ചികിത്സിക്കണമെങ്കിൽ രോഗിയെ ആദ്യം അറിയണം. രോഗം മാത്രമല്ല, രോഗിയുടെ മാനസിക തലം കൂടി അറിയാൻ ശ്രമിക്കണം.

സ്ത്രീ എന്ന രീതിയിൽ സമൂഹത്തിൽ നില നിൽക്കുന്ന വിവേചനത്തെപ്പറ്റിയും മന്ത്രി മനസുതുറന്നു. ജൻഡർ വിഷയങ്ങൾ പൊതുവിൽ ഉണ്ട്. ഏതു രാക്ഷ്ട്രീയ പ്രസ്ഥാനത്തിൽ ആണെങ്കിലും ആക്ഷേപ ഹാസ്യപരിപാടികളിൽ സ്ത്രീയെ ചിത്രീകരിക്കുന്നത് മോശം രീതിയിലാണ്. മാധ്യമരംഗത്തു പഴയ സുഹൃത്തുക്കൾ ഉണ്ടെങ്കിലും ആക്രമണം വരുമ്പോൾ സൗഹൃദം മാറ്റിവെയ്ക്കപ്പെടുന്നു. മാധ്യമ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് തന്നെയായിരുന്നു എന്റെ ആദ്യത്തെ ഉദ്യമം. വേതനത്തിലെ വ്യത്യാസം വളരെ വലുതായിരുന്നു. ഞാൻ അത് നിയമസഭയിൽ അവതരിപ്പിച്ചു. പക്ഷെ സ്വന്തം സ്ഥാപനത്തിലെ നീതി നിഷേധത്തെ കുറിച്ച് ആരും സംസാരിക്കില്ലല്ലോ. മാധ്യമ ലോകം ഒരു പ്രത്യേക ലോകം ആണ്. സുഹൃത്തുക്കൾ ഉണ്ട് പക്ഷെ അവർ നിസ്സഹായകരാണ്. മാനേജ്‍മെന്റിന്റെ പോളിസി അവരെ മാറ്റിമറിക്കുന്നു. മറ്റു ചാനലുകൾ കൊടുക്കുമ്പോൾ ഞങ്ങൾക്കു കൊടുക്കാതിരിക്കാൻ ആവില്ല. ഇതൊന്നും സത്യമല്ലെന്നു ഞങ്ങൾക്കറിയാം എന്നൊക്കെ പറയും.

മുഖ്യധാര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും തമ്മിലുള്ള അന്തരത്തിൽ മാധ്യമ പ്രവർത്തക കൂടിയായിരുന്ന വീണ ജോർജിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. “സമൂഹ മാധ്യമങ്ങൾ സത്യം പറയുന്നതിന് വേണ്ടിയുള്ള ഒരു സ്പേസ് ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന് എന്റെ ഓഫീസിനെതിരെ ഒരു അഴിമതി ആരോപണം ഉണ്ടായി. ആ ആരോപണം എന്റെ പി എ യ്ക്കെതിരെയാണ്. ആരോപണമുയർന്നു മണിക്കൂറുകൾക്കകം അത് എന്റെ നേർക്കായി. മന്ത്രി അറിയാതെ ഇതൊന്നും നടക്കില്ല എന്നായി. ഞാൻ പലപ്പോഴു മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്തകളുടെ നിജ സ്ഥിതി വെളിപ്പെടുത്തുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. പലപ്പോഴും സമയം ലഭിക്കാറില്ല. സമൂഹ മാധ്യമങ്ങൾ തുറന്ന് വെച്ചിരിക്കുന്നത് സത്യം വിളിച്ചു പറയാനുള്ള വഴികൾ ആയിട്ടാണ്. അതുകൊണ്ടാണ് മുഖ്യ ധാര മാധ്യമങ്ങൾ തിരുത്തപ്പെടുന്നത്.

ഇന്നത്തേക്കാളും കുറച്ചുകൂടെ വ്യത്യസ്തമായ സാഹചര്യമായിരുന്നു ഞങ്ങളുടെ തുടക്കകാലത്തുണ്ടായിരുന്നത്. കൈരളി ന്യൂസിൽ ആയിരുന്നു തുടക്കം. അവിടെ ഇന്റർനാഷണൽ ഡെസ്‌കിലായിരുന്നു. പി ജിയുടെ ലോകത്തിന്റെ അസി. പ്രൊഡ്യൂസർ ആയിരുന്നു. പി ജിയുടെ മകൾ പാർവതി ചേച്ചി ആയിരുന്നു പ്രൊഡ്യൂസർ. ആകെ ആശ്രയം റോയിട്ടേഴ്‌സ് പോലുള്ള ന്യൂസ് ഫീഡുകൾ മാത്രമായിരുന്നു. ഇന്റർനെറ്റ് എല്ലാവര്ക്കും ആക്സസബിൾ അല്ല. അവിടെ നിന്നൊക്കെ കുറെ ദൂരം മുന്നോട്ടു വന്നു. ലൈവ് ഡിസ്കഷൻ ഒക്കെ ചെയ്യുന്ന സമയത്തു കൃത്യമായ വായന ഉണ്ടായിരുന്നു. നോട്ടുകൾ തയ്യാറാക്കും. രാഷ്ട്രീയ വാർത്തകൾക്ക് കൃത്യമായ തുടർച്ചകൾ ഉണ്ടായിരുന്നു. ലൈവ് പ്രോഗ്രാമുകൾക്ക് അതിഥികളെ വിളിക്കുമ്പോൾ, സ്ത്രീകളെ സംബന്ധിച്ചു ചില മുൻവിധികൾ ഉണ്ട്. സ്ത്രീ ചോദ്യം ചോദിക്കുമ്പോൾ, രാഷ്ട്രീയം പറയുമ്പോൾ , ആരോ പറഞ്ഞു കൊടുക്കുന്നുണ്ട് എന്നായിരുന്നു പൊതുവെയുള്ള ധാരണ. ഇപ്പോൾ നല്ല മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെന്നും” മന്ത്രി കൂട്ടിച്ചേർത്തു.

ഇത്രയേറെ നേട്ടങ്ങൾക്കിടയിലും മാധ്യമങ്ങളുടെ ആക്രമണത്തെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു മന്ത്രിയുടെ മറുപടി. ആരോപണങ്ങളുട നിജസ്ഥിതി ആരായുന്നതിനു മുൻപേ തന്നെ ആക്രമണം അഴിച്ചു വിടുന്ന എത്രയോ മാധ്യമ പ്രവർത്തകരുടെ കുടുംബാങ്ങങ്ങൾക്കു സർക്കാർ തണലിൽ ചികിത്സാ ലഭിച്ചു കഴിഞ്ഞു. കേരളത്തെ ഒരു ഹെൽത്ത്‌ ഹബ് ആക്കുക എന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം എന്ന് പറഞ്ഞു കൊണ്ട് ആരോഗ്യമന്ത്രി ഔദ്യോഗിക തിരക്കുകളിലേക്ക് മടങ്ങി.

അഭിമുഖത്തിന്റെ പൂർണ രൂപം കാണാൻ ലിങ്ക് സന്ദർശിക്കുക

Related Posts