വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ആയിരുന്നു സപ്ലൈകോ ഓണക്കാലത്തേക്ക് നോക്കിയിരുന്നത്. സപ്ലൈകോയെ അന്വേഷിച്ചു വരുന്നവർക്ക് നൽകാനും അവിടെ കാര്യമായി ഒന്നുമില്ലായിരുന്നു. ദിവസേന പറയാനുള്ളത് നഷ്ട കച്ചവടം മാത്രം. സാമ്പത്തിക പ്രതിസന്ധികാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിനവരുമാനം മൂന്നുനാലു കോടിവരെയായി. ഇതിനിടയിൽ വെളിച്ചെണ്ണ വില ആർക്കും പിടിച്ചുനിർത്താൻ കഴിയാത്ത വിധം കുതിച്ചു. വിപണിവിളിയിൽ ഇടപെടാൻ എല്ലാവിധ ഉത്തരവാദിത്വവുമുള്ള സർക്കാർ സംവിധാനങ്ങൾ ഇതോടെ ജാഗ്രതയിലായി.
ഈ അവസരം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ് സപ്ലൈകോ മാർക്കറ്റിംഗ് തന്ത്രം മെനഞ്ഞത്. അത് ഈ ഓണവിപണിയിൽ സപ്ലൈകോയുടെ ജാതകം തിരുത്തിയെഴുതി. സാധാരണക്കാരന് എങ്ങനെ ഒരു പൊതുമേഖല സ്ഥാപനം ആശ്രയമാകണം എന്നത് ഇക്കുറി കാണിച്ചുകൊടുത്തു. വെളിച്ചെണ്ണയ്ക്കൊപ്പം കുറഞ്ഞ വിലയിൽ അരിയുമെത്തി ഇതിനായി വലിയ മുന്നൊരുക്കമാണ് നടത്തിയത്. വെളിച്ചെണ്ണ അരി കോമ്പോ ഹിറ്റായതോടെ സപ്ലൈകോയുടെ വരുമാനത്തിലും വൻകുതിപ്പ്.
ഇന്നലെ 17 കോടി രൂപയുമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനം സ്ഥാപനം സ്വന്തമാക്കി. ഈ മാസം 27-ന് 15.78 കോടി രൂപയായിരുന്നു. സാമ്പത്തികപ്രതിസന്ധികാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിനവരുമാനം മൂന്നുനാലു കോടിവരെയായി താഴ്ന്നതിൽനിന്നാണ് ഈ അതിശയിപ്പിക്കുന്ന തിരിച്ചുവരവ്. കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരിയും 349 രൂപ നിരക്കിൽ ശബരി വെളിച്ചെണ്ണയും വിതരണത്തിന് സജ്ജമാക്കിയതോടെയാണ് ജനം സപ്ലൈകോയിലേക്ക് വന്നത്.
പുറംവിപണിയിൽ 529 രൂപയുള്ള ശബരി ബ്രാൻഡ് 349 രൂപയ്ക്കാണ് കൊടുക്കുന്നത്. ഇനി സെപ്റ്റംബർ ഒന്നിന് ഒരു തവണകൂടി വിലകുറയ്ക്കുമെന്നാണ് അറിയിപ്പ്. മന്ത്രിമാർ ഇടപെട്ടതോടെ സപ്ലൈകോയ്ക്ക് വെളിച്ചെണ്ണ തരുന്നവർ വില കുറയ്ക്കാൻ തയ്യാറായി. കേരഫെഡും വില കുറച്ചു. ഇതെല്ലാം വിപണിയിൽ പ്രതിഫലിച്ചു. ഓണ ദിവസങ്ങൾ മുന്നിൽകണ്ട് സബ്സിഡി സാധനങ്ങൾ സെപ്റ്റംബറിലേത് മുൻകൂർ വാങ്ങാനും അവസരമുണ്ടാക്കി. ഇതോടെ ഇരട്ടി അളവിൽ സബ്സിഡി വസ്തുക്കൾ വിറ്റു. ഈ മാസം 41 ലക്ഷംപേർ സപ്ലൈകോയിലെത്തിയെന്നാണ് കണക്കുകൾ.