Homepage Featured India News

മോദിയുടെ ജനപ്രീതി കുറയുന്നു; സർവേ ഫലം പുറത്ത്; കാരണം വിവാദ തീരുമാനങ്ങൾ?

ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിൽ തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിഞ്ഞതായി റിപ്പോർട്ട്. ഓഗസ്റ്റിൽ ഇന്ത്യ ടുഡേ സി വോട്ടർ മൂഡ് ഓഫ് നേഷൻ സർവ്വേ റിപ്പോർട്ടിലാണ് മോദിയെക്കുറിച്ചുള്ള പരാമർശം. ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ സമാന സർവ്വേയിൽ മോദിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 62% പേരായിരുന്നു എങ്കിൽ ഓഗസ്റ്റിലെ സർവേയിൽ ഇത് 58 ശതമാനം ആയി കുറഞ്ഞു. വെറും ആറുമാസത്തിനുള്ളിൽ നാലു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രകടനം മോശമാണെന്ന് അഭിപ്രായത്തോടൊപ്പം എൻഡിഎ സർക്കാരിന്റെ ഭരണത്തെ വിമർശിച്ചവരും ഏറെയാണ്. രാമക്ഷേത്രം യാഥാർഥ്യമാക്കിയതാണ് മോദി സർക്കാറിന്റെ ഏറ്റവും വലിയ നേട്ടമായി സർവേയിൽ ഒരു വിഭാഗം ജനങ്ങൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ, തൊഴിലില്ലായ്മയും വർഗീയ കലാപങ്ങളും ന്യൂനപക്ഷങ്ങൾക്കിടയിലെ ഭീതിയുമാണ് സർക്കാറിനെതിരായ പ്രധാന വിമർശനങ്ങളായി സർവേയിൽ ഉന്നയിച്ചിരിക്കുന്നത്. പണപ്പെരുപ്പവും സർക്കാറിന്റെ ജനപ്രീതി ഇടിയുന്നതിനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

52.4 ശതമാനം ആളുകളാണ് എന്‍ഡിഎയുടെ പ്രകടനം മികച്ചതാണെന്ന് അഭിപ്രയപ്പെട്ടത്. ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ ഇത് 62 .1 ശതമാനം ആയിരുന്നു. ആറുമാസത്തിനിടെ 10 ശതമാനം കുറവുണ്ടായി. 15.3 ശതമാനം പേർ സർക്കാരിനെ കുറിച്ച് അഭിപ്രായം പറയാൻ ഇല്ലെന്ന് വ്യക്തമാക്കി. ഫെബ്രുവരിയിൽ 8.6 ശതമാനമായിരുന്നു ഇത്തരത്തിൽ നിഷ്പക്ഷരായി നിന്നത്. സർവ്വേയിൽ പങ്കെടുത്തവരിൽ 2.7 ശതമാനം പേർ സർക്കാരിൻറെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഓഗസ്റ്റിലെ സർവ്വേയിൽ പങ്കെടുത്ത 34.2 ശതമാനം പേർ പ്രധാനമന്ത്രിയുടെ മൂന്നാം തവണയിലെ ഭരണം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ മുൻ സർവേയിൽ 36.1 ശതമാനം പേർ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു. 23.8 ശതമാനം പേര് നല്ലതെന്നും 12.7 ശതമാനം പേര് ശരാശരിയെന്നും പറഞ്ഞു. 12.6 ശതമാനം പേർ മോശം എന്ന് പറഞ്ഞപ്പോൾ 13.8 ശതമാനം പേർ വളരെ മോശമെന്നും വിലയിരുത്തി.

എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലെയും 54,788 വ്യക്തികളിൽ നിന്നാണ് സർവേ നടത്തിയത്. സിവോട്ടറിന്റെ പതിവ് ട്രാക്കർ ഡാറ്റയിൽ നിന്നുള്ള 1,52,038 അഭിമുഖങ്ങളും കൂടി സർവേയിൽ വിശകലനം ചെയ്തു. മൊത്തത്തിൽ എംഒടിഎൻ റിപ്പോർട്ടിനായി ആകെ 2,06,826 ആളുകളുടെ പ്രതികരണം വിലയിരുത്തി. അടുത്ത ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് നേരിയ മേൽക്കൈ ഉണ്ടെന്നും സർവേ പ്രവചിച്ചു. ഇൻഡ്യ സഖ്യത്തിന്റെ വോട്ടുവിഹിതം 39 ശതമാനത്തിൽ നിന്നും 44 ശതമാനമായി ഉയരുമെന്നും സർവേ ചൂണ്ടിക്കാട്ടി.

Related Posts