ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റില്‍ പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് രവിചന്ദ്രന്‍ അശ്വിന്റെ തീരുമാനം. കളി നിര്‍ത്തി മെന്റര്‍, പരിശീലകന് ചുമതലകള്‍ അശ്വിന് ഏറ്റെടുത്തേക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരിലേക്ക് ഇപ്പോള്‍ വരുന്ന വാര്‍ത്ത മറ്റൊന്നാണ്. ഇനിയും കളിക്കാന്‍ തന്നെയാണ് അശ്വിന്റെ പദ്ധതികള്‍ !
ദി ഹഡ്രഡ് (The Hundred) ക്രിക്കറ്റ് കളിക്കാനാണ് അശ്വിന് ആഗ്രഹിക്കുന്നതെന്ന് ദി ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 ലാണ് ദി ഹഡ്രഡ് ക്രിക്കറ്റ് ആരംഭിച്ചത്. ഇതുവരെ ഇന്ത്യന്‍ താരങ്ങളൊന്നും ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. അശ്വിന് ദി ഹഡ്രഡ് കളിക്കാന്‍ തീരുമാനിച്ചാല്‍ ഈ ഫോര്‍മാറ്റില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകും.
രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന ഒരു ഇന്ത്യന്‍ താരത്തിനും വിദേശ ലീഗുകളില്‍ കളിക്കാന്‍ സാധിക്കില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതുകൊണ്ട് മാത്രമാണ് അശ്വിനു ദി ഹഡ്രഡ് ഫോര്‍മാറ്റില്‍ കളിക്കാന്‍ സാധ്യത തെളിയുന്നത്. ഇക്കാര്യത്തിന് അശ്വിന് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ലെങ്കിലും താരം ഉടന്‍ വിദേശ ലീഗ് കളിക്കാനാണ് സാധ്യത.
ഒരു ഇന്ത്യന്‍ താരത്തിനു ദി ഹഡ്രഡ് പോലെയുള്ള വിദേശ ലീഗുകളില്‍ കളിക്കണമെങ്കില്‍ ആഭ്യന്തര, രാജ്യാന്തര, ഐപിഎല്‍ ഫോര്‍മാറ്റുകളെല്ലാം നിര്‍ത്തുകയും ബിസിസിഐയില്‍ നിന്ന് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും വേണം. ഐപിഎല്‍ വിരമിക്കലോടെ അശ്വിനു ബിസിസിഐയില്‍ നിന്ന് എന്‍ഒസി ലഭിക്കും. നേരത്തെ യുവരാജ് സിങ്, ഹര്ഭജന് സിങ് എന്നിവര്‍ വിദേശ ലീഗില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇവരൊന്നും ഹഡ്രഡ് ലീഗില്‍ സാന്നിധ്യം അറിയിച്ചിട്ടില്ല.
അശ്വിന് ഐപിഎല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ വിദേശ ലീഗുകളില്‍ കളിക്കുമെന്ന സൂചന നല്‍കിയിരുന്നു. വിവിധ ലീഗുകളില്‍ കളിക്കാനുള്ള സമയം ഇവിടെ ആരംഭിക്കുകയാണെന്നാണ് അശ്വിന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇന്ത്യക്ക് പുറത്തുള്ള ലീഗുകള്‍ കളിക്കാന്‍ അശ്വിനു താല്പര്യമുണ്ടെന്നാണ് ഈ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഐപിഎല്‍ കരിയറില്‍ 221 മത്സരങ്ങളില്‍ നിന്ന് 7.20 ഇക്കോണമിയില്‍ 187 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ബാറ്റിങ്ങില്‍ 221 മത്സരങ്ങളില്‍ നിന്നായി 13.02 ശരാശരിയില്‍ 833 റണ്‍സ്. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് ബാറ്റിങ്ങില്‍ നേടാനായത്.