ദോഹ: ട്രാൻസ്ഫർ കൺട്രോൾ യൂണിറ്റിലെ തകരാർ കാരണം നിസ്സാൻ പെട്രോൾ വാഹനങ്ങൾ തിരികെ വിളിച്ച് ഖത്തർ. നിസ്സാൻ ഡീലറായ സാലെഹ് അൽ ഹമദ് അൽ മന കമ്പനിയുമായി സഹകരിച്ച് നിസ്സാൻ പെട്രോൾ 2025 വാഹന മോഡലാണ് തിരികെ വിളിക്കുന്നതെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. തിരിച്ചു വിളിക്കുന്ന വാഹനത്തിൽ ഒരു പ്രത്യേക രീതിയിൽ ആക്സിലറേറ്റർ അമർത്തുമ്പോൾ, ഗിയർ നിയന്ത്രണ സംവിധാനത്തിലെ പ്രശ്നം കാരണം ത്രസ്റ്റ് പവർ പൂർണ്ണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തെറ്റായ പ്രോഗ്രാം ക്രമീകരണത്തെ തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാഹന തകരാറുകളും അറ്റകുറ്റപ്പണികളും കാർ ഡീലർമാർ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് തിരിച്ചുവിളിക്കൽ കാമ്പയിനെന്ന് മന്ത്രാലയം അറിയിച്ചു. തകരാറുകൾ പരിഹരിക്കാനും തുടർനടപടികൾക്കും ഡീലറുമായി ഏകോപിപ്പിക്കുമെന്നും ആവശ്യമായ പരിശോധനയും സൗജന്യ അറ്റകുറ്റപ്പണി സേവനങ്ങളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. വാഹന ഉടമകൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, എല്ലാ നടപടികളും സുരക്ഷിതമായി നടപ്പാക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ഉറപ്പുനൽകി.ഉപഭോക്താക്കൾ TCU യുടെ അറ്റകുറ്റപ്പണി ഷെഡ്യൂൾ ചെയ്യാൻ ഖത്തറിലെ നിസ്സാൻ ഡീലറായ സാലിഹ് അൽ ഹമദ് അൽ മന കമ്പനിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.