ഹിമാചൽ പ്രദേശിന്റെ ഹൃദയ ഭാഗത്ത് ഹിമാലയത്തിൽ ഒളിഞ്ഞിരിക്കുന്ന രത്നമാണ് സ്പിറ്റി താഴ്‌വര. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇത് പർവതങ്ങളാൽ ചുറ്റപ്പെട്ട തണുത്ത മരുഭൂമിയാണ്. ലൗഹാൾ, സ്പിറ്റി ജില്ലകളുടെ ഇടയിലായാണ് ഈ താഴ്‌വര. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,500 അടി ഉയരത്തിലാണ് സ്പിറ്റി താഴ്‍വര സ്ഥിതിചെയ്യുന്നത്. ഈ ചെറിയ ഗ്രാമങ്ങളിൽ ഏകദേശം 35 മുതൽ 200 വരെ ആളുകൾ മാത്രമാണ് താമസിക്കുന്നത്.
സ്പിറ്റി താഴ് വരയുടെ കേന്ദ്രം എന്നറിയപ്പെടുന്ന സ്ഥലമാണ് കാസാ. സമുദ്ര നിരപ്പില്‍ നിന്നും 3650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാസാ സ്പിതിയിലെ ഏറ്റവും വലിയ പട്ടണമാണ്. മുന്നറിയിപ്പില്ലാതെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് കാസയുടെ പ്രത്യേകത. സഞ്ചാരികളുടെ പറുദീസയായ ചന്ദ്രതാല്‍ തടാകമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്ന്. പേര് പോലെ തന്നെ ചന്ദ്രകലയുടെ ആകൃതിയിലുള്ള തടാകമാ ണ് ഇത്. സമുദ്ര തപു പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന തടാകത്തിലെ വെള്ളം, ജൂൺ മാസത്തിൽ മരതക പച്ചയിൽ നിന്ന് നീലയിലേക്കും തുടര്‍ന്ന് ഓറഞ്ച്, ചുവപ്പ് നിറങ്ങളിലേക്കും മാറുന്നു.
കുൻസും ചുരത്തിന് സമീപം 4,300 മീറ്റർ ഉയരത്തിലാണ് ഈ തടാകം. കൂടാതെ സമീപത്തുള്ള ലൗഹാൾ കുന്നുകളും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. സ്പിറ്റിയിലെ ആകാശ ഗംഗയാണ്(മിൽക്കി വേ) മനോഹരമായ മറ്റൊരു കാഴ്ച്ച. രാത്രിയിൽ ആകാശ ഗംഗ വെളുത്ത പൊടി പോലെ ഒരു നക്ഷത്ര പാതയായി ആകാശത്ത് മുഴുവനായും വിരിഞ്ഞു കിടക്കുന്നതായി കാണാം. രാത്രി 10 മണി മുതൽ രാവിലെ 3 മണി വരെ ആകാശത്ത് ഈ ദൃശ്യം തെളിഞ്ഞു കാണാം.
കീ മോണാസ്ട്രി, ടാബോ മോണാസ്ട്രി, ധൻകർ മോണാസ്ട്രി തുടങ്ങി ഏറ്റവും പഴക്കം ചെന്ന ബുദ്ധമത വിശ്വാസ കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. ഇവിടുത്തെ മറ്റൊരു ആകർഷണമാണ് ചാം നൃത്തം. ദുഷ്ടാത്മാക്കളെ അകറ്റാൻ സന്യാസിമാർ മുഖംമൂടി ധരിച്ച് അവതരിപ്പി ക്കുന്ന നൃത്തമാണ് ലോസർ അല്ലെങ്കിൽ ചാം നൃത്തം.
കൂടാതെ, സൻസ്കർ, പിർ പഞ്ചൽ, ഗ്രേറ്റ് ഹിമാലയം തുടങ്ങിയ പർവതനിരകളെ ബന്ധിപ്പിക്കുന്ന ബരാലച്ച പാസ്, ഹിമപുലി, ഐ ബെക്സ് എന്നിവയെ കാണാൻ കഴിയുന്ന പിൻവാലി ദേശീയോദ്യാനം എന്നിവയും സ്പിറ്റിയിൽ എത്തുന്നവർ നിർബന്ധമാ യും സന്ദർശിക്കേണ്ട സ്ഥലങ്ങൾ ആണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനസഞ്ചാരമുള്ള ഗ്രാമമായ കിബ്ബറും വിട്ടുപോകരുതാത്ത ഒരു ഇടമാണ്.
മെയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇവിടം സന്ദർശിക്കുന്നതാണ് ഏറ്റവും അനുയോജ്യം. റോഡ് വഴിയും, ട്രെയിൻ വഴിയും സ്പിറ്റിയിൽ എത്താം. മണാലി അല്ലെങ്കിൽ ഷിംല വഴി സ്പിറ്റിയിൽ എത്തിച്ചേരാം. കാറോ, ഇരുചക്ര വാഹനത്തിലോ പോകാം.