രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റുന്നു. ഗ്രൂപ്പുകള്‍ക്കു അതീതനായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ന്നുവരികയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരെ ഒപ്പംകൂട്ടി പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു സതീശന്. അതിനിടയിലാണ് രാഹുലിനെതിരായ ആരോപണം പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കിയത്. രാഹുലിനെ ചൊല്ലി പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പുകളുണ്ടായി. അതില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനാണ് മുതിര്‍ന്ന നേതാക്കളുടെയെല്ലാം പിന്തുണ.
രാഹുലിനെ സംരക്ഷിക്കാന്‍ തുടക്കത്തില്‍ സതീശന് ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇത് മനസിലാക്കിയ ചെന്നിത്തല അതിരൂക്ഷമായാണ് രാഹുലിനെതിരെ രംഗത്തെത്തിയത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് ചെന്നിത്തല രാഹുലിനെതിരെ നിലപാടെടുത്തത്. മുതിര്‍ന്ന നേതാക്കളായ കെ.സുധാകരന്, കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്, ടി.എന്‍.പ്രതാപന് എന്നിവരുടെയെല്ലാം പിന്തുണയും ഈ സമയംകൊണ്ട് ചെന്നിത്തല ഉറപ്പാക്കിയിരുന്നു.
2026 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകും മുഖ്യമന്ത്രി എന്നതിനെ ചൊല്ലി ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. ഷാഫിയും രാഹുലും അല്ലാതെ പൂര്‍ണമായി സതീശനെ പിന്തുണയ്ക്കുന്ന പ്രമുഖര്‍ കുറവാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ചെന്നിത്തല കളംപിടിക്കുന്നത്. സതീശന് പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുകയാണെന്ന പരാതിയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ചെന്നിത്തലയ്ക്കൊപ്പം നിലകൊള്ളുന്നു.
അതേസമയം രാഹുല്‍ വിഷയത്തിലെ നിലപാടുകള്‍ സതീശനും തിരിച്ചടിയാകുന്നു. ഒപ്പമുണ്ടായിരുന്ന ഷാഫിയും രാഹുലും സതീശനുമായി അത്ര നല്ല ബന്ധത്തിലല്ല ഇപ്പോള്‍. രാഹുലിനെ സംരക്ഷിക്കാന്‍ സതീശനു ബാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ പൂര്‍ണമായി തള്ളിപ്പറഞ്ഞ് സ്വന്തം സുരക്ഷിതത്വം മാത്രമാണ് സതീശന് നോക്കിയതെന്നുമാണ് ഷാഫി-രാഹുല്‍ അനുകൂലികളുടെ വിമര്‍ശനം. ഷാഫിയും രാഹുലും സതീശനില്‍ നിന്ന് അകലുമ്പോള്‍ വി.ടി.ബല്‍റാം മാത്രമാണ് പ്രതിപക്ഷ നേതാവിനോടു അടുപ്പം കാക്കുന്നത്. രാഹുലിനെതിരെ നേരത്തെ പരാതികള്‍ വന്നിട്ടും സതീശന് സംരക്ഷണ കവചമൊരുക്കുകയായിരുന്നെന്ന് ചെന്നിത്തല വിഭാഗം എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റി പാര്‍ട്ടി പുനഃസംഘടന വേണമെന്ന് പോലും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.