Homepage Featured India News

റാമ്പിൽ നിന്ന് യുവാവിനെ തൂക്കിയെറിഞ്ഞു; വിജയ്ക്കെതിരെയും കേസെടുത്ത് പൊലീസ്

നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്.  തമിഴക വെട്രി കഴകത്തിന്റെസംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ തള്ളിയിട്ടു എന്ന പരാതിയിലാണ് കേസ്. വിജയ്‌യിന് പുറമെ ബൗണ്‍സര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂര്‍ സ്വദേശിയായ ശരത് കുമാര്‍ എന്ന യുവാവിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ച മുധുരയിൽ നടന്ന ടി വി കെ രണ്ടാം വാർഷികാഘോഷ പരിപാടിയ്കിടെയാണ് കേസിന്നാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനസമ്മേളനത്തിനിടെ നീളമേറിയ റാമ്പിലൂടെ വിജയ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നിരുന്നു. താരത്തിന് സുരക്ഷയൊരുക്കി ബൗണ്‍സര്‍മാരും ഒപ്പമുണ്ടായിരുന്നു. 

ഇതിനിടെയാണ് ശരത് കുമാര്‍ റാമ്പിലേക്ക് കയറാന്‍ ശ്രമിച്ചത്. ഇയാളെ വിജയ്‌യുടെ ബൗണ്‍സര്‍മാര്‍ തൂക്കിയെടുത്ത് റാമ്പില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍  പ്രചരിച്ചു. ഡിഎംകെയുടെ സൈബര്‍ വിഭാഗവും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വലിയ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പിന്നാലെയാണ് ചൊവ്വാഴ്ച അമ്മയ്‌ക്കൊപ്പമെത്തി ശരത് കുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ബൗണ്‍സര്‍മാരുടെ നടപടിയില്‍ തനിക്ക് പരിക്കേറ്റുവെന്നും ശരീരത്തിന് വലിയ വേദനയുണ്ടായെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ബൗണ്‍സര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വിജയ്ക്കും പത്ത് ബൗണ്‍സര്‍മാര്‍ക്കുമെതിരെ ബിഎന്‍എസ്സിലെ മൂന്ന് വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. അതേസമയം ടിവികെയുടെ ഭാഗത്തുനിന്ന് വിഷയത്തില്‍ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം തന്നെ പരിക്കേറ്റ ശരത്കുമാറിന്റെ അമ്മ ടി വി കെ അധ്യക്ഷൻ വിജയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. പൊതുപരിപാടിയിൽ വേദിയിലേക്ക് എത്തുന്ന ഒരു യുവാവിനോട് പോലും മര്യാദയ്ക്ക് പെരുമാറാൻ കഴിയാത്ത വിജയ് എങ്ങനെയാണ് ഒരു സംസ്ഥാനം ഭരിക്കുക എന്നാണ് അവർ ചോദിച്ചത്. മകന്റെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നമുണ്ടെന്ന് പറഞ്ഞ ഇവർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. പിന്നാലെയാണ് ഡിഎംകെ ഇവരെ പിന്തുണച്ച് എത്തിയത്. ഇതോടെ ആരോപണത്തിന് രാഷ്ട്രീമാനം കൈവന്നു. മധുരയിലെ പരിപാടിക്കിടെ കൊടിമരം കടപുഴകിവീണ് ഒരു കാർ തകർന്നതും ഒരു വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചതും വലിയ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് പുതിയ വിവാദവും വരുന്നത്.

Related Posts