Homepage Featured Kerala News

ബലാൽസംഗ കേസ്: വേടന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം 

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസില്‍ റാപ്പര്‍ വേടന് മുൻകൂർ ജാമ്യം. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.
കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വേടനെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിചിട്ടുണ്ട്‌. കേസുമായി ബന്ധപ്പെട്ട വാദം മാത്രം ഉന്നയിച്ചാല്‍ മതിയെന്നും, സമൂഹമാധ്യമങ്ങളില്‍ വന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും ആയിരുന്നു പരാതിക്കാരിയുടെ അഭിഭാഷകയോട് സിംഗിള്‍ ബെഞ്ച് ഉയര്‍ത്തിയ വിമര്‍ശനം. 

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്നും പരാതിക്കാരിയോട് ഹെക്കോടതി ചോദിച്ചു. രണ്ടു വര്‍ഷത്തിനു ശേഷമാണ് യുവതി പരാതി നൽകിയത് എന്നായിരുന്നു കോടതിയിൽ വേടന്റെ വാദം. വിഷാദത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയത് എന്നായിരുന്നു  അതിജീവിതയുടെ മറുപടി. ഈ കാലയളവില്‍ ജോലി ചെയ്തിരുന്നുവോ എന്നു കോടതി ചോദിച്ചപ്പോൾ വിഷാദ രോഗത്തിലായിരുന്നുവെന്ന് അവർ മറുപടി നൽകി. എന്നാൽ ഈ  പറയുന്ന കാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം, വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ് എടുത്തിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഐപിസി 354, 354A(1), 294(b) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാട്ടിയത് എന്നിവയാണ് വേടനെതിരെയുള്ള കുറ്റങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവഗായിക നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. 2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഇതിന്റെ വിശദാംശങ്ങളാണ് ഹൈക്കോടതിയിൽ പോലീസ് അറിയിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോഴത്തെ കോടതി നടപടികൾ. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ യുവതിയെ വിവിധ ഇടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. അതേ സമയം വേടന്‍ ഒളിവില്‍ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

Related Posts