തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ കാളയുമായി എത്തിയതിനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ ഗൗതം കാട്ടാക്കടയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. യുവമോർച്ച മാർച്ചിൽ കാളയുടെ മുഖം മറയ്ക്കുകയും മൂക്കുകയര്‍ പിടിച്ചു വലിച്ചു മുറിവുണ്ടാക്കുന്ന തരത്തില്‍ കാളയെ കിലോമീറ്ററുകളോളം നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.
“പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ കണക്കിലെടുത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ ജീവനുള്ള കാളയെ ഉപയോഗിക്കുകയും അതിന്റെ കണ്ണുകള്‍ മറയ്ക്കുന്ന രീതിയില്‍ മുഖംമൂടി വയ്ക്കുകയും അതിന്റെ കാഴ്ച്ച മറയ്ക്കുകയും മൂക്കുകയര്‍ പിടിച്ചു വലിച്ചു മുറിവുണ്ടാക്കുന്ന തരത്തില്‍ കാളയെ കിലോമീറ്ററുകളോളം നടത്തിക്കുകയും ചെയ്യുകയുണ്ടായി.” പരാതിയിൽ പറയുന്നു.
കാളയുടെ വായ തുറക്കാന്‍ കഴിയാത്ത രീതിയില്‍ വായ കെട്ടിവച്ച് അതിനെ വേദനിപ്പിക്കുകയും ചെയ്യുക വഴി ഒരു മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയത് എന്തിന്റെ പേരില്‍ ആയാലും ന്യായീകരിക്കാവുന്നതല്ലെന്ന് പരാതിയിൽ വ്യക്തമക്കുന്നു. നട്ടുച്ച നേരത്ത് കിലോമീറ്ററുകളോളം ഇപ്രകാരം ഒരു മിണ്ടാപ്രാണിയെ നടത്തിയത് മൃഗത്തിനോടുള്ള ക്രൂരതയും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയും കുറ്റകരവും ശിക്ഷാര്‍ഹവും ആണ്. ഹിന്ദുമത വിശ്വാസപ്രകാരം പരമശിവന്റെ വാഹനമായ കാളയെ ദൈവ തുല്യമായാണ് ആരാധിച്ചു വരുന്നത്. കാളയെ ദൈവ തുല്യമായി കരുതുന്ന ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നതാണെന്നു ഗൗതം ആരോപിച്ചു.
അപ്രകാരം ചെയ്യണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് പരസ്യമായി ഇത്തരം ഒരു പ്രവര്‍ത്തി അവര്‍ ചെയ്തത്. പ്രതികളുടെ മേല്‍പ്പടി പ്രവര്‍ത്തികള്‍ ബിഎന്‍എസ് വകുപ്പ് പ്രകാരം കുറ്റകരമാണ്. ഹിന്ദു മതവിശ്വാസത്തെ മനപ്പൂര്‍വം അവഹേളിക്കുന്ന രീതിയില്‍ നടത്തിയ ഈ പ്രതിഷേധ പരിപാടി മൃഗങ്ങളോടുള്ള ക്രൂരതയും മത വിശ്വാസത്തെ വൃണപ്പെടുത്തലും കണക്കിലെടുത്തു അന്വേഷണം നടത്തി പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.