Business Finance Homepage Featured

ഹോബിയായി തുടക്കം, ഇന്ന് വീട്ടിൽ താമരയും ആമ്പലും വിരിയിച്ച് അധ്യാപിക നേടുന്നത് മാസം 40,000 രൂപ

പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പൂക്കളുടെ വിപണി മൂല്യം മനസിലാക്കി അവയെ ഒരു ബിസിനസാക്കി മാറ്റി ലാഭം കൊയ്യുന്നവർ കേരളത്തിൽ നിരവധിയുണ്ട്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ലഭ്യത വളരെ കുറഞ്ഞ താമരയും ആമ്പലും കൊണ്ട് ബിസിനസിൽ ചുവടുറപ്പിച്ച വനിതയാണ് തൃശൂർ സ്വദേശിനിയായ ലതിക സുദൻ.

ഗാർഡനിങ്ങിലെ തന്റെ താൽപര്യമാണ് ഇത്തരമൊരു ബിസിനസ് ആശയത്തിലേക്ക് അധ്യാപിക കൂടിയായ ലതികയെ കൊണ്ടെത്തിച്ചത്. ചെറുപ്പത്തിൽ തന്നെ വീട്ടിൽ പൂക്കൾ വച്ചുപിടിപ്പിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നത് ലതിക ഇഷ്ടപ്പെട്ടിരുന്നു. വളർന്നപ്പോഴും ആ ഇഷ്ടത്തിന് കുറവൊട്ടും വന്നില്ല. ചെറുപ്പത്തിൽ തന്നെ പ്രൈമറി സ്കൂളിൽ അധ്യാപികയായി ജോലി ലഭിച്ചെങ്കിലും ഗാർഡനിങ്ങും ഒപ്പം കൂട്ടി. തുടർന്നാണ് തന്റെ ഹോബിയെ ഒരു ബിസിനസ് സംരംഭമാക്കി മാറ്റാൻ തീരുമാനിച്ചത്.

2018 വർഷത്തിലാണ് ജലത്തിൽ വളരുന്ന ആമ്പലുകൾ, താമരച്ചെടികൾ എന്നിവ വാണിജ്യാടിസ്ഥാനത്തിൽ വളർത്താൻ തുടങ്ങിയത്. താമര, ആമ്പൽ എന്നിവയുടെ നൂറു കണക്കിന് വെറൈറ്റികളുണ്ടെങ്കിലും ഇവയിൽ വളരെ കുറച്ചു മാത്രമാണ് ഇന്ത്യയിൽ ലഭ്യമായിരിക്കുന്നത്. ബാക്കിയെല്ലാം തായ്‌ലൻഡ്, ജപ്പാൻ, വിയറ്റ്നാം മുതലായ രാജ്യങ്ങളിലാണുള്ളത്. അതിനാൽതന്നെ, ഇവയുടെ പുതിയ വെറൈറ്റികൾ വാങ്ങി കൃഷി ചെയ്തു.

തുടക്കത്തിൽ ആവശ്യക്കാർക്ക് താമര വിത്തുകൾ നൽകിയാണ് വിൽപന തുടങ്ങിയത്. ആവശ്യക്കാർ കൂടിവന്നതോടെ കൃഷിയിലേക്ക് തിരിഞ്ഞു. താമര-ആമ്പൽ കൃഷിയെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ തൃശൂർ കാർഷിക വികസന വകുപ്പ് നടത്തിയ നിരവധി വർക് ഷോപ്പുകളിലും, ക്ലാസുകളിലും പങ്കെടുത്തത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് കൂടുതൽ ഗുണകരമായി.

അങ്ങനെ ലതികയുടെ വീട്ടുമുറ്റത്ത് താമരയും ആമ്പലും പൂത്തുനിറഞ്ഞു. ഇന്ന്, ലതികയുടെ വീട്ടുമുറ്റത്ത് ഏകദേശം 100 താമരച്ചെടികളുടെ വെറൈറ്റികളും, 80 ആമ്പൽ സ്പീഷിസുകളുമുണ്ട്. ഏൻഷ്യന്റ് മാപ്പിൾ ലീഫ് (Ancient Maple Leaf), ആയിരം ഇതളുകളുള്ള ‘സഹസ്രദള പദ്മം’ എന്നറിയപ്പെടുന്ന താമരയിനം തുടങ്ങി അപൂർവ ശേഖരങ്ങളും ഇവിടെയുണ്ട്. പ്രതിമാസം 40,000 രൂപ വരെ വരുമാനം ഉണ്ടാക്കുന്നു.

തുടക്കത്തിൽ വലിയ വില കൊടുത്താണ് പുതിയ വിത്തിനങ്ങൾ വാങ്ങിയിരുന്നത്. ആദ്യകാലത്ത് 10,000-20,000 രൂപയ്ക്ക് താമര വിത്തുകൾ വാങ്ങിയിരുന്നു. എന്നാൽ, ഇന്ന് 250 രൂപയ്ക്ക് ഈ വത്തുകൾ ലഭിക്കും. ഉണങ്ങിയ ചാണകം, തേയിലച്ചണ്ടി അടക്കം ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചാണ് ലതിക പൂക്കൾ കൃഷി ചെയ്യുന്നത്. ലതികയ്ക്ക് എല്ലാവിധ പിന്തുണയുമായി ഭർത്താവ് സുതൻ ഒപ്പം തന്നെയുണ്ട്.

Related Posts