Homepage Featured Kerala News

ഇനിയും നീളും…കൊച്ചി മെട്രോ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക്

കൊച്ചി: കൊച്ചി മെട്രോ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് നീട്ടാനുള്ള തീരുമാനം പരിഗണനയിൽ. ഇതുസംബന്ധിച്ചു മൂന്നാം ഘട്ടം പഠനം ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആലുവ അങ്കമാലി റൂട്ടാണ് പരിഗണിക്കുന്നത്. അത് യാഥാർത്ഥ്യമായാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താൻ കഴിയും. ലോകത്തെ എല്ലാ മെട്രോകളും പരമാവധി വിമാനത്താവളങ്ങളെയും റെയിൽവേ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്. കൊച്ചി മെട്രോ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് സർവീസ് നടത്തുന്നുണ്ടെങ്കിലും കൊച്ചി വിമാനത്താവളം ഒരു കൈപ്പാട് അകലെയായിരുന്നു. മൂന്നാം ഘട്ടം യാഥാർത്ഥ്യമാകുമ്പോൾ പ്രവാസികൾക്ക് ഉൾപ്പെടെ വലിയൊരു അനുഗ്രഹമാകും. യാത്രക്കാർക്ക് തിരക്കിൽ പെടാതെ എളുപ്പത്തിൽ വിമാനത്താവളത്തിൽ എത്താമെന്നതും കുറഞ്ഞ ചെലവുകളിൽ യാത്ര യാഥാർത്ഥ്യമാക്കാം എന്നതും നേട്ടമാകും.

ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി ആങ്കമാലിയിലേക്ക് കൊച്ചി മെട്രോ വ്യാപിപ്പിക്കുന്ന മൂന്നാം ഘട്ട മെട്രോ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിനുള്ള (ഡിപിആര്‍) പഠനം ആരംഭിച്ചു കഴിഞ്ഞു. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കു വേണ്ടി ഡിപിആര്‍ തയ്യാറാക്കുന്നത്. 1.03 കോടി രൂപ ചിലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. മെട്രോ അങ്കമാലിവരെ ദീര്‍ഘിപ്പിക്കണം എന്നും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി മെട്രോ കണക്ടവിറ്റിവിറ്റി വേണം എന്നമുള്ള ദീര്‍ഘകാലത്തെ ആവശ്യത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഈ മേഖലയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള യാത്രാ സൗകര്യവും ഈ പ്രദേശത്തിന്റെ വളര്‍ച്ചയും ഉറപ്പുതരുന്ന മെട്രോ മൂന്നാം ഘട്ട വികസനത്തിന്റെ ഡിപിആര്‍ പഠനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചു എന്നത് സ്വാഗതാര്‍ഹമാണ് എന്നും അദ്ദേഹം പറഞ്ഞു. പൊതു സമൂഹത്തിന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലമാക്കുന്ന രീതിയിലുള്ള വികസനത്തിനായി പൊതുജനങ്ങളില്‍ നിന്നും ആശയങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു. contact@kmrl.co.in എന്ന ഇ മെയിലില്‍ അവ അറിയിക്കാം. 17.5 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ എലിവേറ്റഡ് പാത നിര്‍മാണം. കുറച്ചുദൂരം ഭൂഗര്‍ഭ പാത ആയിരിക്കും. ഡിപിആറിന്റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സര്‍വ്വേകള്‍, എന്‍ജിനീയറിംഗ് പഠനം തുടങ്ങിയവ നടത്തും. ഡിപിആര്‍ പഠനത്തിനുള്ള ചിലവ് കേന്ദ്ര ഭവന നഗര വികസന മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീമില്‍ നിന്നാണ് നിര്‍വ്വഹിക്കുന്നത്.

Related Posts