Homepage Featured Kerala News

ഓണക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം; കിറ്റിൽ 14 അവശ്യവസ്തുക്കൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. 14 ഇനം അവശ്യവസ്തുക്കളാണ് ഇത്തവണ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പഞ്ചസാര, വെളിച്ചെണ്ണ, തുവര, പരിപ്പ്, ചെറുപയർ, പരിപ്പ്, വൻ പയർ, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ്, കശുവണ്ടി, മിൽമ നെയ്യ്, ഗോൽഡ് ടീ, പായസം മിക്‌സ് എന്നിവയാണ് ഓണക്കിറ്റിലുള്ളത്. ഒരു കിറ്റിന്റെ വില ഏകദേശം 710 രൂപയാണ്. റേഷൻ കടകൾ വഴിയായിരിക്കും ഓണക്കിറ്റ് വിതരണം.

ഇതിന് പുറമെ തൃവേണി സ്റ്റോറുകളിലും സഹകരണ സംഘങ്ങളുടെ സ്റ്റോറുകളിലുമായി 1800 ഓണ വിപണികളും തുറക്കും. 13 നിത്യോപയോ​ഗ സാധനങ്ങളാണ് സർക്കാർ സബസിഡിയോടെ ലഭിക്കുക. പൊതു മാർക്കറ്റുകളിൽ നിന്നും 40 ശതമാനം വരെ വില കുറവ് ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. വിപണിയിൽ കത്തിനിന്ന വെളിച്ചെണ്ണ സപ്ലൈകോയിലൂടെ 339 രൂപയ്ക്കാണ് നൽകുന്നത്. സബ്സിഡി ഇതര വെളിച്ചെണ്ണ 389 രൂപയ്ക്കും ലഭ്യമാകും. സാധനങ്ങൾ ഒന്നും തന്നെ സ്റ്റോക്ക് ഔട്ട് ആകില്ല എന്നും മന്ത്രി ഉറപ്പ് നൽകി.

ഓണക്കിറ്റിനൊപ്പം വിവിധ മേഖലകളിലായി നിരവധി ബോണസുകളും സർക്കാർ നൽകുന്നുണ്ട്. സംസ്ഥാനത്തെ കേന്ദ്ര, സംസ്ഥാന സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർക്കും 60 വയസ്സിന് മുകളിലുള്ള അർഹരായ ഏകദേശം 52000 പട്ടിക വർ​ഗ്​ഗക്കാർക്ക് 1000 രൂപ ഓണ സമ്മാനമായി നൽകും. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ സാമ്പത്തിക വർഷത്തെ ബോണസ് ഉടൻ ലഭിക്കും.

കഴിഞ്ഞ വർഷം നൽകിയ ബോണസിന് സമാനമായി 8.33 ശതമാനം കുറഞ്ഞ ബോണസ് നൽകാനാണ് സർക്കാരിന്റെ തീരുമാനം. എന്നാൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലെ ജീവക്കാർക്ക് ഉയർന്ന ബോണസാണ് ലഭിക്കുക. ഈ വർഷം കയർ ഫാക്ടറി മേഖലയിൽ 29.9 ശതമാനം ഓണം അ‍ഡ്വാൻസ് ബോണസായി നൽകും. 20 ശതമാനം ബോണസും 9.9 ശതമാനം ഇൻസന്റീവ് എന്നിങ്ങനെയാണ് നൽകുക. അർഹത അനുസരിച്ച് 10 മുതൽ 15.5 ശതമാനം വരെ സ്വകാര്യ മേഖലയിലെ കെത്തറി തൊഴിലാളികൾക്ക് നൽകും.

Related Posts