Lifestyle Travel

ആറുകളുടെ അളം – ആറളം, പ്രകൃതി ഒളിപ്പിച്ച ഒരു രാജ്യം

കേരളത്തിന്റെ വടക്കേയറ്റ ത്ത് 5500 ഹെക്ടറിൽ പ്രകൃതി ഒളിപ്പിച്ച മറ്റൊരു രാജ്യമാണ് ആറളം. കണ്ണൂർ ജില്ലയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള തലശ്ശേരി യിലാണ് ആറളം വന്യജീവി സങ്കേതം. പശ്ചിമ ഘട്ടത്തോട് ചേർന്ന് നിൽക്കുന്ന ആറളം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1145 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് കട്ടിബേട്ട.

കർണാടക സംസ്ഥാന ത്തിന്റെ ഭാഗമായ ബ്രഹ്മഗിരി സാങ്ച്വറിയുടെ തുടർച്ചയായി കുടക് മലകളുമായി ചേർന്നാണ് ആറളം വന്യ ജീവി സങ്കേതം കാണപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇവിടെ ഭരിച്ചിരുന്ന ഒരു ജൻമിയുടെ കീഴിലായിരുന്ന വന്യജീവി സങ്കേതം ഉൾപ്പെട്ട പ്രദേശംഉണ്ടായിരുന്നത്. അന്ന് ഓടന്തോട് മലവാരം’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 

തറവാട്ടുകാർ സാമ്പത്തിക മായി ക്ഷയിച്ചപ്പോൾ തെക്കുനിന്നെത്തിയ കുഞ്ഞമ്മാൻ ഹാജി അവരുടെ 100 ഏക്കർ വിലയ്ക്കുവാങ്ങി.കാട്ടിലേക്ക് വഴി തുറക്കുന്ന 100 ഏക്കർ കൈയിലായതോടെ കുഞ്ഞമ്മാൻ ഹാജി അകത്തേക്കുള്ള വഴിയടച്ചു. പിന്നീട് ആരെയും ഉള്ളിലേക്ക് കടത്തിവിട്ടില്ല. അതിന്റെ തുടർച്ചയായി ഉള്ള 13750 ഏക്കർ വനത്തെ ഹാജി 100 ഏക്കർകൊണ്ട് മറച്ചു പിടിച്ചു. ഇത്ര വിശാലമായ പ്രദേശം ഇവിടെയുണ്ടെന്നുപോലും പിന്നീട് ആർക്കും അറിയാതായി. 

വെസ്റ്റിങ് ആൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം 1971-ൽ ഈ ഭൂമി കേരളസർക്കാർ ഏറ്റെടുത്ത് നിക്ഷിപ്ത വനമാക്കിമാറ്റി.  വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഒരു റേഞ്ച് ആയിട്ടാണ് ആദ്യം തുടങ്ങിയത്. 1984-ലാണ് ആറളം വന്യജീവി സങ്കേതം സ്ഥാപിതമായത്. 1998-ൽ പ്രത്യേക ഡിവിഷൻ ആക്കി മാറ്റി തെക്കുഭാഗത്ത് ചീങ്കണ്ണിപ്പുഴയും കിഴക്ക് കർണാടകത്തിലെ ബ്രഹ്മഗിരി മലനിരകളും പടിഞ്ഞാറ് ആറളം ഫാമും വടക്ക് കണ്ണൂർ ഡിവിഷന്റെ ഭാഗമായ വനങ്ങളുമാണ് 

ആറളത്ത് എത്തിയാൽ എങ്ങോട്ട് നോക്കിയാലും തലയുയർത്തിനിൽക്കുന്ന മരത്തലപ്പുകൾ, കാരാഞ്ഞലി, പാലി, വയനാവ്, കമ്പകം, വെള്ളപൈൻ, മൂട്ടിപ്പഴം വഴിയിലേക്ക് ചാഞ്ഞും ചരിഞ്ഞും ഇഞ്ച, കഴഞ്ചി, കറുത്തോടൽ, പുല്ലാഞ്ഞി തുടങ്ങിയ വള്ളിപ്പടർപ്പുകൾ. ആയിരത്തിലേറെ സപുഷ്പികളായ സസ്യങ്ങളും 49 ഇനം സസ്തനികളും 53 ഉരഗജീവികളും ഇരുന്നൂറിലേറെ ഇനം പക്ഷികളും 249 തരം ചിത്രശലഭങ്ങളും ചേർന്നതാണ് ആറളം.

കുരങ്ങുവർഗത്തിൽപ്പെട്ട സിംഹവാലൻ, ഹനുമാൻ കുരങ്ങ്, നാടൻ കുരങ്ങ്, കരിങ്കുരങ്ങ് എന്നിവ ആറളത്തുണ്ട്. അതുപോലെ മലമുഴക്കി, കോഴി വേഴാമ്പൽ, പാണ്ടൻ, നാട്ടു വേഴാമ്പൽ എന്നീ വേഴാമ്പലുകളും ഇവിടെ കാണാം. കുട്ടിത്തേവാങ്ക് ഏറ്റവും കൂടുതലുള്ള മേഖലയാണിത്. പൂമ്പാറ്റകളുടെ ദേശാടനമാണ് മറ്റൊരു പ്രത്യേകത. വന്യജീവി സങ്കേതത്തിന്റെ സമീപപ്രദേശങ്ങളിൽ ആദിവാസി പുനരധിവാസ മേഖലയുണ്ട്. ചീങ്കണ്ണിപ്പുഴ കടന്നാൽ അക്കരെ കേളകം പഞ്ചായത്താണ്. ആറളം തൂക്കുപാലം കടന്നാൽ കേളകത്ത് എത്താം. കുടിയേറ്റ കർഷകർ മണ്ണിൽ പണിയെടുത്ത് ഉണ്ടാക്കിയ മറ്റൊരു ലോകമാണ് അത്.

Related Posts