ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിനും വി.വി.എസ് ലക്ഷ്മണിനും ശേഷം ഇന്ത്യയുടെ പ്രതിരോധ വന്‍മതിലായ ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കളത്തിലും കണക്കുകളിലും ‘വന്‍മതില്‍’ എന്ന വിശേഷണത്തോടു നൂറ് ശതമാനം നീതി പുലര്‍ത്തിയ ക്രിക്കറ്ററാണ് പുജാര. ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി അവസരമുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് പുജാരയുടെ രാജി.
ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളില്‍ ആദ്യ വിക്കറ്റ് അതിവേഗം നഷ്ടമായാല്‍ പുജാരയെ ആശ്രയിക്കേണ്ടിവന്നിരുന്ന ഒരു കാലഘട്ടം ഇന്ത്യക്കുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് നേരിടുന്ന പരിമിതിയും മറ്റൊരു പുജാര പ്ലേയിങ് ഇലവനില്‍ ഇല്ലാത്തതാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 41,715 പന്തുകളാണ് പുജാര ക്ഷമയോടെ നേരിട്ടത്. 21-ാം നൂറ്റാണ്ടിലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സമയം ക്രീസില്‍ നങ്കൂരമിട്ട താരം.
103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 43.60 ശരാശരിയില്‍ 7,195 റണ്‍സാണ് പുജാര ഇന്ത്യക്കായി നേടിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ എട്ടാമന്‍. 19 സെഞ്ചുറികളും 35 അര്‍ധ സെഞ്ചുറികളും പുജാര നേടിയിട്ടുണ്ട്. മൂന്നാമനായാണ് പുജാര 6,529 റണ്‍സും നേടിയിരിക്കുന്നത്.
2010 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ നേരിട്ടത് 97,884 ബോളുകളാണ്. അതില്‍ 16,217 ബോളുകളും നേരിട്ടത് പുജാരയാണ്. അതായത് ടീം ആകെ നേരിട്ട പന്തുകളില്‍ 16.56 ശതമാനവും പുജാര തന്നെ. പുജാരയുടെ 103 ടെസ്റ്റ് മത്സരങ്ങള്‍ എടുത്താല്‍ ഈ കളികളില്‍ ഇന്ത്യന്‍ ടീം നേരിട്ടിരിക്കുന്നത് 97,884 പന്തുകളാണ്, നേടിയ റണ്‍സ് 51,358. ഇതില്‍ 16,217 പന്തുകള്‍ നേരിട്ട പുജാര 7195 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇതില്‍ പാട്ണര്‍ഷിപ്പ് റണ്‍സ് നോക്കിയാല്‍ 31,431 പന്തില്‍ 16,258 റണ്‍സിനിടയിലും പുജാര ക്രീസില്‍ നിലയുറപ്പിച്ചിരുന്നു.
അതേസമയം ഹോം പരമ്പരകളിലാണ് പുജാര ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിരിക്കുന്നത്. 2012 മുതല്‍ 2019 വരെയുള്ള ഏഴ് വര്‍ഷക്കാലമാണ് പൂജാരയുടെ ദി ബെസ്റ്റ്. അതില്‍ 56 ഇന്നിങ്‌സുകളില്‍ നിന്ന് 62.82 ശരാശരിയില്‍ 3,141 റണ്‍സും ഹോം ഗ്രൗണ്ടില്‍. 53 ഇന്നിങ്‌സില്‍ 42.7 ശരാശരിയില്‍ 2,178 റണ്‍സ് എവേ ടെസ്റ്റുകളില്‍.
ഇന്ത്യ വിജയിച്ച ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നാലാമനായാണ് പുജാര കരിയര്‍ അവസാനിപ്പിക്കുന്നത്. 58 ജയങ്ങളില്‍ 4,408 റണ്‍സ് നേടിയാണ് പുജാര നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. സച്ചിന്‍, ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോലി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.