Business Finance Homepage Featured

കഴുതപ്പാലിൽനിന്നും ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ; കോളേജ് വിദ്യാർത്ഥിനി സംരംഭകയായി മാറിയ കഥ

2016-ൽ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന പൂജ കൗൾ, മഹാരാഷ്ട്രയിലെ സോളാപൂരിലൂടെ സർക്കാർ ബസിൽ സഞ്ചരിക്കുകയായിരുന്നു. അവളുടെ മനസ് മുഴുവൻ തന്റെ കരിയറിനെ രൂപപ്പെടുത്തുന്ന കോളേജ് പ്രോജക്ടിനെക്കുറിച്ചായിരുന്നു. ആ സമയത്താണ്, റോഡരികിൽ കിടന്നുറങ്ങുന്ന ഒരു കൂട്ടം കഴുതകൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവൾ ബസിൽ നിന്നിറങ്ങി. ആ യാത്ര അവളെ ഇഷ്ടിക ചൂളകളിലും നിർമ്മാണ സ്ഥലങ്ങളിലും കഴുതകളെ ആശ്രയിച്ചിരുന്ന കുടിയേറ്റ തൊഴിലാളികളായ ലഷ്കർ സമൂഹത്തിലേക്ക് കൊണ്ടെത്തിച്ചു.

കഴുതകളെ ഉപജീവനമാർഗം ആക്കിയിരുന്ന കുടുംബങ്ങൾ എല്ലാ വർഷവും ജോലി തേടി പലായനം ചെയ്യുന്നു. ദിവസം മുഴുവൻ അധ്വാനിച്ചിട്ടും, അവർക്ക് 300–400 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. അവരുടെ ഉപജീവനത്തിന് നിർണായകമായ ഈ മൃഗങ്ങൾക്ക് പലപ്പോഴും ആഹാരം കൊടുക്കാൻ പോലും അവർക്ക് നിവൃത്തിയില്ല. കർഷകരുടെ ദുരിതം നേരിട്ട് കണ്ടറിഞ്ഞ പൂജ പോഷക ഗുണങ്ങൾക്കും മനുഷ്യ മുലപ്പാലിനോടുള്ള സാമ്യത്തിനും പേരുകേട്ട കഴുതപ്പാലിൽ നിന്നും എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നും കർഷകരെ എങ്ങനെ സഹായിക്കാമെന്നും ചിന്തിച്ചു.

ഈ ചിന്തയാണ് കഴുതപ്പാലിനെ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന സംരംഭമായ ഓർഗാനിക്കോയ്ക്ക് അടിത്തറയിട്ടത്. പൂജ മുംബൈയിൽ ഒരു സോപ്പ് നിർമ്മാണ കോഴ്‌സ് പഠിക്കുകയും കോളേജിനടുത്തുള്ള ഒരു വാടക മുറിയിൽ പരീക്ഷണം ആരംഭിക്കുകയും ചെയ്തു. ഗോവ യാത്രയ്ക്കായി സൂക്ഷിച്ചിരുന്ന 26,000 രൂപയും ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നിലൂടെ 34,000 രൂപയും സമാഹരിച്ചു. ഈ പ്രാരംഭ മൂലധനം ഉപയോഗിച്ച് കഴുതപ്പാൽ ഉപയോഗിച്ച് നിർമ്മിച്ച 250 സോപ്പുകളുടെ ആദ്യ ബാച്ചുമായി സ്വന്തം നാടായ ഡൽഹിയിലേക്ക് മടങ്ങി.

നഗരത്തിലെ പ്രദർശനങ്ങളിൽ തന്റെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു, പോസിറ്റീവ് പ്രതികരണമാണ് ലഭിച്ചത്. ഇതോടെ തന്റെ പ്രോജക്റ്റിനെ ഒരു പൂർണ്ണ ബിസിനസാക്കി മാറ്റാൻ തീരുമാനിച്ചു. ഇന്ന് ഓർഗാനിക്കോ സോപ്പുകൾ മുതൽ ഫെയ്സ് പായ്ക്കുകൾ വരെ വൈവിധ്യമാർന്ന ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. സൺസ്‌ക്രീനുകൾ, ക്രീമുകൾ, സെറം എന്നിവയിലേക്ക് കൂടി ഉത്പാദനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു.

350 രൂപ മുതൽ 1400 രൂപ വരെ വിലയുള്ളതാണ് ഉൽപ്പന്നങ്ങൾ. തമിഴ്നാട്, കർണാടക, കേരളം, ഡൽഹി എന്നിവിടങ്ങളിലായി പ്രതിമാസം 500ലധികം ഓർഡറുകൾ ലഭിക്കുന്നുണ്ട്. “നിരവധി കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 5,000 രൂപയിൽ നിന്ന് ഏകദേശം 14,000 രൂപയായി ഉയർത്താൻ ഞങ്ങൾ സഹായിച്ചിട്ടുണ്ട്,” പൂജ പറയുന്നു.

ഓർഗാനിക്കോയെ വിജയത്തിലെത്തിച്ചത് എളുപ്പമുള്ള കാര്യമായിരുന്നില്ല. പുരുഷാധിപത്യമുള്ള ഒരു സ്റ്റാർട്ടപ്പ് മേഖലയിൽ ഒരു സ്ത്രീ എന്ന നിലയിൽ, പൂജയ്ക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. “സാമൂഹിക സംരംഭകത്വത്തെ ജീവകാരുണ്യ പ്രവർത്തനമായി ആളുകൾ പലപ്പോഴും തെറ്റിദ്ധരിക്കുന്നു. നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിന് ഓരോ ഘട്ടത്തിലും നമ്മുടെ വിശ്വാസ്യത തെളിയിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഒരു വനിതാ സംരംഭക എന്ന നിലയിൽ,” അവർ പറയുന്നു.

“കർഷകർക്ക് സുസ്ഥിരമായ ഒരു ഉപജീവന മാർഗം നൽകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. കഴുതപ്പാൽ പോലെ വിലമതിക്കപ്പെടാത്ത ഒന്നിനെ ഈ കുടുംബങ്ങൾക്ക് അന്തസ്സും വരുമാനവും നൽകുന്ന ഒരു വിഭവമാക്കി മാറ്റുക. ഈ പ്രോജക്റ്റ് ഒരു ജോലിയിലേക്കോ ഇന്റേൺഷിപ്പിലേക്കോ എന്നെ കൊണ്ടെത്തിക്കുമെന്ന് കരുതി. ഇതൊരു ബിസിനസായി മാറുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ” അവൾ പുഞ്ചിരിച്ചുകൊണ്ട് പറയുന്നു.

Related Posts