Health Wellness

വയറിന്റെ മുകൾഭാഗത്ത് വേദനയുണ്ടോ? പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം

വയറ്റിൽ ശരീരത്തിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഈ അവയവം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണ് പാൻക്രിയാറ്റിക് കാൻസർ. സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോ​ഗങ്ങളിലൊന്നാണിത്. പാൻക്രിയാറ്റിക് കാൻസറിന്റെ ആറ് ലക്ഷണങ്ങൾ അറിയാം.

  1. പുറംവേദനയും വയറുവേദനയും

വയറിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന വേദനയും തുടർച്ചയായി പുറംവേദനയും ഉണ്ടാകുന്നത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം. വയറിന്റെ മുകൾ ഭാഗത്ത് തുടങ്ങുന്ന വേദന പുറകുവശത്തും വ്യാപിക്കാം. മിക്ക ആളുകളും ഇത് ദഹനക്കേടോ മാനസിക പിരിമുറുക്കമോ ആണെന്ന് കരുതി അവഗണിക്കാറുണ്ട്. ഇടവിട്ടിടവിട്ട് വേദന വരുകയാണെങ്കിലോ പ്രത്യേക ഇടങ്ങളിൽ വേദനിക്കുകയാണെങ്കിലോ ഡോക്ടറെ കാണണം.

  1. മഞ്ഞപ്പിത്തം

പാൻക്രിയാറ്റിക് കാൻസർ ഉള്ളവരുടെ രക്തത്തിൽ ബിലിറൂബിന്റെ അളവ് അമിതമാകുന്നതു മൂലമാണിതുണ്ടാകുന്നത്. കരളിനെയും ചെറുകുടലിനെയും ബന്ധിപ്പിക്കുന്ന ബൈൽഡക്റ്റിൽ ട്യൂമർ തടസ്സമുണ്ടാക്കുകയും ഇതു മൂലം രക്തത്തിൽ ബൈൽ കെട്ടിക്കിടന്ന് മഞ്ഞപ്പിത്തത്തിനു കാരണമാവുകയും ചെയ്യുന്നു. ഇരുണ്ട നിറത്തിലുള്ള മൂത്രം, മലത്തിന് നിറവ്യത്യാസം, ചർമത്തിനും കണ്ണുകൾക്കും മഞ്ഞനിറം ഇവയൊക്കെ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടണം.

  1. ശരീര ഭാരം കുറയുക

ശരീര ഭാരം കുറയുന്നതും വിശപ്പ് ഇല്ലായ്മയും മറ്റു ലക്ഷണങ്ങളാണ്. അർബുദം ശരീരത്തിന്റെ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നുതാകാം ഇതിന് കാരണം. ട്യൂമർ, വയറിൽ പ്രഷർ ചെലുത്തുക വഴി വയറു നിറഞ്ഞ തോന്നൽ ഉണ്ടാകുകയും കുറച്ചു ഭക്ഷണം മാത്രം കഴിക്കുന്നതിന് കാരണമാവുകയും ചെയ്യും. ഡയറ്റോ ഭക്ഷണക്രമങ്ങളിൽ മാറ്റം വരുത്താതെയോ ശരീര ഭാരം പെട്ടെന്ന് കുറയുന്നതായി തോന്നുന്നുവെങ്കിൽ ആരോഗ്യ വിദഗ്ധനെ കാണുക.

  1. ചർമ്മത്തിൽ ചൊറിച്ചിൽ

ചർമത്തിൽ ബിലിറുബിൻ അടിഞ്ഞുകൂടുന്നതു കൊണ്ടാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നത്. പാൻക്രിയാറ്റിക് കാൻസർ ഉള്ളവരിൽ മഞ്ഞപ്പിത്തവും ഉണ്ടാകുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ ചർമത്തിൽ ചൊറിച്ചിൽ വരാം.

  1. ദഹനസംബന്ധമായ പ്രശ്നങ്ങൾ

മുഴകൾ വളരുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ഓക്കാനം, ഛർദ്ദി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. ഇതിന് പുറമെ മലബന്ധവും വയറിളക്കവും ഉണ്ടാകാനും സാധ്യതയുണ്ട്. ഈ ലക്ഷണങ്ങൾക്ക് ദഹനപ്രശ്നങ്ങളാണെന്ന് തെറ്റിദ്ധരിച്ച് അവ​ഗണിക്കാതെ ഡോക്ടറെ കാണുക.

  1. തളർച്ചയും ക്ഷീണവും

മറ്റ് ലക്ഷണങ്ങൾക്കൊപ്പം ക്ഷീണവും ഉണ്ടായാൽ അത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം. രാത്രിയിൽ സുഖമായി ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം, വയറുവേദന, മൂത്രത്തിന് കടുത്ത നിറം ഇവയെല്ലാം ശ്രദ്ധയിൽപ്പെട്ടാൽ പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം.

Related Posts