വാഷിങ്ടൺ: താരിഫ് ഭീഷണികൾ മൂലം ഇന്ത്യ-യുഎസ് ബന്ധം വഷളായിരിക്കുന്ന സമയത്താണ്, ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയിലെ യുഎസ് അംബാസഡറുടെ നാമനിർദ്ദേശം. 38 വയസ്സുള്ള സെർജിയോ ഗോറാണ് ഇന്ത്യയിലെ യുഎസ് അംബാസിഡർ. ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും ഗോർ പ്രവർത്തിക്കുമെന്ന് ട്രംപ് അറിയിച്ചു.
2023 മെയ് മുതൽ 2025 ജനുവരി വരെ അംബാസഡറായി സേവനമനുഷ്ഠിച്ച എറിക് ഗാർസെറ്റിയുടെ പിൻഗാമി ആയാണ് ഗോർ ചുമതല ഏൽക്കുക. നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ (എഎഫ്പി) ഡയറക്ടറാണ്. അതിവേഗമായിരുന്നു ഗോറിന്റെ രാഷ്ട്രിയത്തിലെ വളർച്ച. മറ്റ് പല പ്രധാന രാജ്യങ്ങളേക്കാളും വൈകിയാണ് ട്രംപ് ഇന്ത്യയിലേക്ക് ഒരു അംബാസഡറെ നിയമിച്ചത്.
ട്രംപിന്റെ വിശ്വസ്തൻ എന്നതിനപ്പുറം സെർജിയോ ഗോറിനെ തിരഞ്ഞെടുക്കാൻ മറ്റൊരു കാരണമുണ്ട്. ബ്ലൂംബെർഗിന്റെ അഭിപ്രായത്തിൽ, ഗോറിന് ഇന്ത്യയിൽ വളരെ കുറച്ച് പരിചയമേ ഉള്ളൂ, പക്ഷേ അത് അംബാസഡർ ജോലികൾക്ക് അയോഗ്യതയായി തെളിയിക്കപ്പെട്ടിട്ടില്ല. ഇന്ത്യയുമായി വ്യാപാര, രാഷ്ട്രീയ പ്രശ്നങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, ട്രംപിന്റെ നിലപാടുകൾക്ക് അനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഒരാളാവണം എന്ന ഉദ്ദേശത്തിലാണ് ഗോറിനെ തിരഞ്ഞെടുത്ത്.
അതേസമയം, യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും യൂറോപ്യൻ യൂണിയനുമായി ഒരു വ്യാപാര കരാർ പിന്തുടരുന്നതിനും ചൈനയുമായും റഷ്യയുമായും ഉള്ള ബന്ധം പുനഃക്രമീകരിക്കുന്നതിനും ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.