News World

ചൈനയ്ക്ക് സമീപം ഉത്തരകൊറിയയ്ക്ക് രഹസ്യ മിസൈൽ താവളം; അമേരിക്കയ്ക്കും ഭീഷണി

പ്യോങ്യാങ്: ചൈനീസ് അതിർത്തിക്ക് സമീപം ഉത്തരകൊറിയ ദീർഘദൂര മിസൈൽ താവളം നിർമ്മിച്ചതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ  അറിവോടെ ഏറ്റവും നൂതനനും തന്ത്രപരമായ ആയുധങ്ങൾ സൂക്ഷിക്കുന്നതിനാണ് മിസൈൽ താവളം സജ്ജമായിരിക്കുന്നതെന്നാണ് വിവരം. ഉത്തരകൊറിയൻ ഭരണകൂടം തങ്ങളുടെ ആണവശേഷി വർധിപ്പിക്കുന്നതിന്റെ തെളിവാണിതെന്നും വിലയിരുത്തപ്പെടുന്നു. 

ചൈനീസ് അതിർത്തിയിൽ നിന്ന് 27 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വടക്കൻ പ്യോംഗൻ പ്രവിശ്യയിലെ സിൻപുങ്ങിലാണ്  മിസൈൽ താവളമെന്നാണ് സൂചന. ആറ് മുതൽ ഒമ്പത് വരെ ആണവ ശേഷി വഹിക്കാവുന്ന ഭൂ​ഗർഭ ബാലിസ്റ്റിക് മിസൈലുകളും അവയുടെ മൊബൈൽ ലോഞ്ചറുകളും ഘടിപ്പിച്ച ഒരു ബ്രിഗേഡ് വലുപ്പത്തിലുള്ള യൂണിറ്റാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളതന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ പഠനങ്ങളിലാണ് ഈ നിർണായക വെളിപ്പെടുത്തൽ.  

മിസൈലുകൾ കിഴക്കൻ ഏഷ്യയ്ക്കും അമേരിക്കയ്ക്കും ആണവ ഭീഷണി ഭാവിയിൽ ഉയർത്തുമെന്നാണ് മുന്നറിയിപ്പ്. യുദ്ധസാഹചര്യത്തിൽ ഈ ലോഞ്ചറുകളും മിസൈലുകളും ബേസിൽ നിന്ന് പുറത്തെത്തിക്കുകയാണ് ഉത്തരകൊറിയിൻ ലക്ഷ്യം  പ്രത്യേക വാർഹെഡ് സംഭരണം, ഗതാഗത യൂണിറ്റുകൾ എന്നിവയും ഇവിടെ ബന്ധിപ്പിച്ചിരിക്കുന്നു. പുതുതായി കണ്ടെത്തിയ മിസൈൽ താവളം ഉത്തരകൊറിയൻ  ഭരണകൂടത്തിന്റെ വർദ്ധിച്ചുവരുന്ന ആണവ ഭീഷണിയുടെ തെളിവാണെന്നും പശ്ചാത്ത്യ മാധ്യമങ്ങളും കുറ്റപ്പെടുത്തുന്നു. ചൈനീസ് അതിർത്തിക്കടുത്തുള്ള  മിസൈൽ കേന്ദ്രമായതിനാൽ തന്നെ  ആക്രമണത്തിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകുന്ന രീതിയിലാണ് ഉത്തരകൊറിയ മിസൈൽ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

2004 മുതൽ ഉത്തരകൊറിയ ഈ രഹസ്യ മിസൈൽ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങി. പത്ത് വർഷത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 2014 മുതൽ മിസൈൽ കേന്ദ്രം പ്രവർത്തിച്ചു വരുന്നതായിട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പിന്നീടുള്ള വർഷങ്ങളിൽ, മിസൈൽ കേന്ദ്രം സാങ്കേതികപരമായി വിപുലപ്പെടുത്തി. ഉത്തരകൊറിയയുടെ ആണവ, മിസൈൽ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചെങ്കിലും കൂടുതൽ പ്രതികരണങ്ങളൊന്നും വന്നട്ടില്ല.

Related Posts