കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റപ്പെടുന്നു. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചു, മോശം സന്ദേശങ്ങള്‍ അയച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
കടുംവെട്ടുമായി ചെന്നിത്തല, സതീശന്‍ പ്രതിരോധത്തില്‍
ആരോപണമുയര്‍ന്ന ആദ്യഘട്ടത്തില്‍ രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേത്. എന്നാല്‍ ആരോപണങ്ങളുടെ ഗൗരവം വര്‍ധിച്ചതോടെ സതീശന്‍ പ്രതിരോധത്തിലായി. ആരോപണ വിധേയനായ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് രമേശ് ചെന്നിത്തലയാണ്. കെ.സുധാകരന്‍, കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും ഇക്കാര്യത്തില്‍ രാഹുലിനെതിരായ നിലപാടിലായിരുന്നു. ഇതേ തുടര്‍ന്നാണ് സതീശന്‍ രാഹുലിനോടു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടത്. രാജി വൈകും തോറും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ചെന്നിത്തലയുടെ നിലപാടും നിര്‍ണായകമായി.
സതീശന്‍ ഗ്രൂപ്പില്‍ വളരെ സജീവ സാന്നിധ്യമാണ് രാഹുല്‍. അതുകൊണ്ടാണ് രാഹുലിനെ പൂര്‍ണമായി തള്ളാന്‍ സതീശന്‍ ആദ്യം തയ്യാറാകാതിരുന്നത്. പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തനിക്കെതിരായ വികാരമുണ്ടെന്ന് മനസിലാക്കിയ സതീശന്‍ രാഹുലിനെ സംരക്ഷിച്ചാല്‍ തനിക്കു കൂടി അത് ദോഷം ചെയ്യുമെന്ന് മനസിലാക്കി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ വിമുഖത കാണിച്ച രാഹുല്‍ സതീശന്‍ കൂടി എതിരായതോടെ സമ്മര്‍ദ്ദത്തിലായാണ് രാജിവെച്ചത്.
നിശബ്ദനായി ഷാഫി
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തുന്നത് ഷാഫി പറമ്പിലിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മത്സരിക്കണമെങ്കില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുലിന് തന്നെ സീറ്റ് നല്‍കണമെന്ന് ഷാഫി വാശിപിടിച്ചിരുന്നു. എന്നാല്‍ ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഷാഫിയും രാഹുലിനെ കൈവിട്ടു. രാഹുലിനെ സംരക്ഷിക്കാനില്ലെന്നാണ് ഷാഫിയുടെയും നിലപാട്. വിഷയത്തില്‍ ഷാഫിയുടെ നിലപാട് അറിയാന്‍ മാധ്യമങ്ങള്‍ ഒന്നിലേറെ തവണ ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. മാത്രമല്ല ഷാഫി ബിഹാറിലേക്ക് പോയതായാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് അധികാര്‍ യാത്ര’യില്‍ പങ്കെടുക്കാനാണ് ബിഹാറിലേക്ക് പോയെന്നാണ് ഷാഫിയുമായി അടുത്ത വൃത്തങ്ങളുടെ വിശദീകരണം.
2026 ല്‍ സീറ്റ് ലഭിച്ചേക്കില്ല
നിലവില്‍ എംഎല്‍എയായ രാഹുലിനു 2026 ല്‍ നിയമസഭ സീറ്റ് ലഭിച്ചേക്കില്ലെന്നാണ് വിവരം. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരായിരിക്കുന്നത്. ആരോപണങ്ങളില്‍ ‘ക്ലീന്‍ ചിറ്റ്’ ലഭിച്ചാല്‍ മാത്രമേ ഇനി രാഹുലിനെ നിയമസഭയിലേക്ക് മത്സരിപ്പിക്കൂ. രാഹുലിനെതിരെ മുതിര്‍ന്ന നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്തുള്ളതിനാല്‍ ഇതെല്ലാം മറികടന്ന് സീറ്റ് നല്‍കുക പ്രയാസകരമാണ്.
കളംപിടിക്കാന്‍ ചെന്നിത്തല
മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന രമേശ് ചെന്നിത്തല ഇപ്പോഴത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം സതീശനെതിരായ ആയുധമായും കാണുന്നു. പാര്‍ട്ടിക്കുള്ളില്‍ സതീശനോടു താല്‍പര്യക്കുറവുള്ള മുതിര്‍ന്ന നേതാക്കളെയെല്ലാം ചെന്നിത്തല തന്റെ വശത്താക്കിയിട്ടുണ്ട്. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍, കെ.മുരളീധരന്‍ എന്നിവരെല്ലാം ചെന്നിത്തലയ്‌ക്കൊപ്പമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം. രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എന്നിവരെ ഉപയോഗിച്ച് സതീശന്‍ പാര്‍ട്ടി പിടിക്കുകയാണെന്ന പരാതിയുള്ള കോണ്‍ഗ്രസ് നേതാക്കളും ചെന്നിത്തലയ്‌ക്കൊപ്പമാണ്.