Homepage Featured Kerala News

വേടന്റെ സംഗീതം പഠിപ്പിക്കാൻ കേരള സർവകലാശാല

തിരുവനന്തപുരം: റാപ്പർ വേടന്റെ സംഗീതം പാഠ്യ വിഷയമായി ഉൾപ്പെടുത്തി കേരള സർവകലാശാല. നാല് വർഷ ഇംഗ്ലീഷ് ബിരുദ കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘കേരള സ്റ്റഡീസ്: ആർട്ട് ആൻഡ് കൾചർ’ എന്ന മൾട്ടിഡിസിപ്ലിനറി വിഷയത്തിലാണ് വേടന്റെ സം​ഗീതത്തെ കുറിച്ചുള്ള പഠനം.

വേടന്റെ ഗാനങ്ങൾ സാമൂഹിക നീതിയെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളെയും മുൻനിരയിൽ കൊണ്ടുവരുന്നുവെന്ന് പാഠ്യവിഷയത്തിൽ വ്യക്തമാക്കുന്നു. ‘ഡികോഡിംഗ് ദ റൈസ് ഓഫ് മലയാളം റാപ്: എ ഡീപ് ഡൈവ്’ എന്ന ലേഖനമാണ് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ളത്. ഇതിലെ രണ്ടാമത്തെ മോഡ്യൂളിൽ വരുന്ന ‘ദി കീ ആർട്ടിസ്റ്റ് ഇൻ മലയാളം റാപ്പ്’ എന്ന ഉപതലക്കെട്ടിൽ വേടനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. വേറിട്ട ശൈലിയിലുള്ള സംഗീതത്തിലൂടെ മലയാളം റാപ്പിൽ ശാക്തീകരണത്തിന്റെ പ്രതീകമായി വേടൻ മാറിയിട്ടുണ്ടെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

നാല് വർഷ ഡിഗ്രി കോഴ്‌സ് പഠിക്കുന്നവർക്ക് മൂന്നാം സെമസ്റ്ററിൽ തിരഞ്ഞെടുക്കാവുന്ന പേപ്പറാണ് ‘കേരള സ്റ്റഡീസ്: ആർട്ട് ആൻഡ് കൾചർ’. ഇതിന് മുൻപ് കാലിക്കറ്റ് സർവകലാശാല വേടന്റെ പാട്ടിന്റെ വരികൾ പാഠ്യവിഷയത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചിരുന്നു.

അതേസമയം, യുവ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ വേടൻ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം വേടന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടിയിരുന്നു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിൽ വാദം തുടരും. നിരവധി സ്ത്രീകൾ വേടനെതിരെ ലൈം​ഗിക അതിക്രമ പരാതികളുമായി രം​ഗത്തെത്തിയ അവസരത്തിലും വേടന്റെ സംഗീതം പഠിക്കാൻ തീരുമാനിക്കുകയാണ് കേരള സർവകലാശാല.

Related Posts