Homepage Featured Kerala News

കോഴിക്കോട് വീണ്ടും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മരിച്ച 9 വയസുകാരിയുടെ സഹോദരനും രോഗം 

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ആൺകുട്ടയ്ക്കുകൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നേരത്തെ രോഗം ബാധിച്ച് മരിച്ച  ഒൻപത് വയസുകാരി അനയയുടെ സഹോദരനാണ് ഇപ്പോൾ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധന ഫലം വന്നതായും ചികിത്സ ആരംഭിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. വീടിന് സമീപത്തെ കുളത്തിൽ കുട്ടിയും കുളിച്ചിരുന്നു. 

ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് ഇന്നലെ രോഗം സ്ഥീരികരിച്ചിരുന്നു. പനി ബാധിച്ചാണ് കുട്ടി മെഡിക്കൽ കോളെജിൽ ചികിത്സ തേടിയത്. മൈക്രൊബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന് കാരണമായ ജലസ്രോതസ് കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. 

വീടിന് സമീപത്തെ തോട്ടിലും കോഴിക്കോട് കായണ്ണയിലെ ടർഫിനോട് ചേർന്നുള്ള പൂളിലും കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നുള്ള ജല സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, രോഗം സ്ഥിരീകരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണുള്ളത്. അന്നശ്ശേരി സ്വദേശിയായ 49 കാരന്റെ ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. 

അതേസമയം, താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാംക്ലാസുകാരി അനയയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പരിശോധന നടത്തി. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്ത മറ്റ് സ്ഥലങ്ങളിലും സംഘം പരിശോധന നടത്തും.

Related Posts