തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ രൂക്ഷ വിമർശനം. യൂത്ത് കോൺഗ്രസിന്റെ വാട്സ്അപ്പ് ഗ്രൂപ്പിലാണ് ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. പുതുമുഖ നടിയുടെയും പ്രവാസി എഴുത്തുകാരിയുടെയും വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുലിനെതിരെ യൂത്ത് കോൺഗ്രസിൽ നിന്ന് തന്നെ ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു. ആരോപണം വെറുതേ ചിരിച്ചു തള്ളാനാകില്ല. രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറി നില്‍ക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി സ്നേഹ ആവശ്യം ഉന്നയിച്ചതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങൾ കോൾക്കുന്നതെന്നും മാധ്യമങ്ങളിൽ വെണ്ടക്ക അക്ഷരത്തിൽ വാർത്ത വന്നിട്ടും മൗനം പാലിക്കുന്നത് ശരിയല്ലെന്നും സ്നേഹ വ്യക്തമാക്കി.
ഇത്തരം ആരോപണങ്ങൾ വന്നാൽ മാറി നിൽക്കുന്നതാണ് രീതി. സത്യം സമൂഹത്തെ അറിയിക്കാൻ സംഘടനയ്ക്ക് ബാധ്യതയുണ്ട്. ഡിവൈഎഫ്ഐ നേതാവിനെതിരെയാണ് ഇത്തരം ആരോപണം വന്നതെങ്കിൽ അവർ പ്രതികരിച്ചേനെയെന്നും സ്നേഹ. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ സംഘടനയിൽ വേദിയില്ലെന്നും ആർ.വി സ്നേഹ പറഞ്ഞു. ബുധനാഴ്ച രാത്രി ആരംഭിച്ച വാട്സ്അപ്പ് ഗ്രൂപ്പിലെ ചർച്ച വ്യാഴാഴ്ചയും തുടരുന്നതായാണ് റിപ്പോർട്ട്.
അതേസമയം, ഇടതു സംഘടനകൾ ഉൾപ്പെടെ വിഷയം രാഷ്ട്രീയ ആയുധമാക്കുന്നതും കോൺഗ്രസിന് തലവേദനയാണ്. പേര് വെളിപ്പെടുത്തിയില്ലെങ്കിലും, സംശയം നീളുന്നത് ഒരാളിലേയ്ക്കാണെന്ന വിലയിരുത്തലിൽ തന്നെയാണ് കോൺഗ്രസ് നേതൃത്വം. രാഹുലിനെതിരെ ലഭിച്ച പരാതികൾ കെപിസിസിയ്ക്ക് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയാൻ സാധിക്കുന്നു.