News World

ഇന്ത്യാ – ചൈന വ്യാപാരബന്ധം പുനസ്ഥാപിക്കുന്നതിൽ നേപ്പാളിന് വിയോജിപ്പ്; ചരക്ക് നീക്കത്തെ എതിർക്കും

ന്യൂഡൽഹി: ഇന്ത്യാ – ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിനിടെ വിയോജിപ്പുമായി നേപ്പാൾ രംഗത്ത്.  ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെയാണ് നേപ്പാൾ എതിർക്കുന്നത്. എന്നാൽ നേപ്പാളിന്‍റെ എതിർപ്പ് വകവെക്കേണ്ടതില്ല എന്ന നിലപാടിലാണ് രാജ്യം.  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ആയിരുന്നു ലിപുലേഖ് ചുരം, ഷിപ്കി ചുരം, നാഥുലാ ചുരം എന്നീ പാതകൾ വഴി അതിർത്തി വ്യാപാരം ആരംഭിക്കാൻ ധാരണയായത്

മഹാകാളി നദിക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ലിമ്പിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ നേപ്പാളിന്റെ അവിഭാജ്യ ഭാഗങ്ങളാണെന്നാണ് നേപ്പാൾ സർക്കാരിന്റെ നിലപാട്. ഇവ നേപ്പാൾ ഭൂപടത്തിലും ഭരണഘടനയിലും ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാൽ നേപ്പാളിന്റെ നിലപാട് അന്യായവും അംഗീകരിക്കാൻ കഴിയാത്തതും ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. 

1954 ൽ ലിപുലേഖ് ചുരം വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വ്യാപാരം തുടങ്ങിയതാണ്.  ഇതു പതിറ്റാണ്ടുകളായി നടന്നുവരുന്നു. കോവിഡ്, മറ്റ് നയതന്ത്ര വിദേശകാര്യ നയത്തിലെ മാറ്റങ്ങൾ തുടങ്ങിയ സംഭവവികാസങ്ങൾ എന്നിവ കാരണം വ്യാപാരം ഇക്കഴിഞ്ഞ വർഷങ്ങളിൽ തടസപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും അത് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ അറിയിച്ചു. 

ഇന്ത്യാ – നേപ്പാൾ അതിർത്തി പ്രശ്‌നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കുന്നതിന് നേപ്പാളുമായി ക്രിയാത്മകമായ ഇടപെടലുകൾക്ക് ഇന്ത്യ സന്നദ്ധമാണെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. സിക്കിം, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളുമായി നേപ്പാൾ 1850 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്നുണ്ട്. 2020 മേയ് എട്ടിനു ഹിമാലയ മേഖലയില്‍ ചൈനാ അതിര്‍ത്തിയും ലിപുലേഖ് പാസും ബന്ധിപ്പിച്ച് 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നത്. 

ഈ പാത നേപ്പാളിന്റെ മേഖലയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് നേപ്പാളിന്റെ വാദം. ഒരു മാസത്തിനിപ്പുറം ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതിലേക്കു വരെ കാര്യങ്ങള്‍ വഷളായിരിക്കുന്നു. അന്ന് ബിഹാര്‍ അതിര്‍ത്തിയില്‍ തര്‍ക്കപ്രദേശത്ത് എത്തിയ ഇന്ത്യക്കാര്‍ക്കു നേരെ നേപ്പാള്‍ സുരക്ഷാ ഗാര്‍ഡുകള്‍ നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഇന്ത്യയിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് ഇന്ത്യയിലേക്കും വരാൻ തീരുമാനമായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മലുള്ള അതിർത്തി തർക്കത്തിൽ നയപരമായ നീക്കങ്ങൾ മുന്നോട്ട് പോകുമെന്നും കൂടിക്കാഴ്ചക്ക് ശേഷം ഇരു രാഷ്ട്ര പ്രതിനിധികളും വ്യക്തമാക്കിയിരുന്നു.

അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ ബ്രിക്സ് രാജ്യങ്ങൾ ഒന്നിക്കുന്നതിനുള്ള നീക്കം ശക്തമാണ്. അതിന്റെ ഭാഗം കൂടിയാണ് ഇത്. അതുകൊണ്ടു തന്നെ ചൈനയുമായുള്ള വ്യാപര ബന്ധത്തിൽ ഇനി കൂടുതൽ ഉലച്ചിലുകൾ ഉണ്ടാക്കാൻ സാധ്യതയില്ല. അതിന് നേപ്പാളുമായി ഏതെങ്കിലും തരത്തിൽ സമവായം മാത്രമേ രാജ്യം മുന്നോട്ട് വെക്കാൻ സാധ്യതയുള്ളൂ.

Related Posts