ഗാസാ സിറ്റി കീഴടക്കാനുള്ള സൈനികനടപടി തുടങ്ങിയതായി ഇസ്രയേല്‍. ഹമാസുമായുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെയാണ് ആക്രമണമാരംഭിച്ചതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേല്‍ സെക്യൂരിറ്റി കാബിനറ്റ് ആക്രമണപദ്ധതിക്ക് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെഭാഗമായി 60,000 കരുതല്‍ സൈനികരോട് ഉടന്‍ ജോലിയില്ച്ചേരാന് നിര്‍ദേശിച്ചു. ഇപ്പോള്‍ യുദ്ധമുഖത്തുള്ള 20,000 കരുതല്സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തു. ഹമാസ് അംഗീകരിച്ച പുതിയ വെടിനിര്‍ത്തല്‍ വ്യവസ്ഥകളില്‍ മധ്യസ്ഥരാജ്യങ്ങള്‍ ഇസ്രയേലിന്റെ പ്രതികരണം കാത്തിരിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ നിർണായക നീക്കം.
ഖാന് യൂനിസില്‍ തങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയ 10 ഹമാസുകാരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം ബുധനാഴ്ച അറിയിച്ചു. ഒട്ടേറെ ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും പറഞ്ഞു. എന്നാല്‍, എണ്ണം വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാമന്ത്രിസഭ ഈ മാസം ആദ്യമാണ് ഗാസാ സിറ്റി കീഴടക്കുന്നതിന് അനുമതിനല്‍കിയത്. ഗാസാ സിറ്റി കീഴടക്കാനുള്ള പുറപ്പാട് ഇസ്രയേലിലെയും ഗാസയിലെയും ജനങ്ങളെ സമ്പൂര്ണദുരന്തത്തിലേക്കും മേഖലയെ അവസാനിക്കാത്ത യുദ്ധത്തിലേക്കും നയിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നറിയിപ്പുനല്‍കി.
ആക്രമണത്തിനുമുന്നോടിയായി ഗാസാ സിറ്റിയില്‍നിന്ന് ഗാസയുടെ തെക്കുഭാഗത്തേക്ക് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം പലസ്തീന്‍കാർക്ക് നിര്‍ദേശം നൽകിയിരുന്നു. സൈതൂന്‍, ജബലിയ എന്നിവയുടെ പരിസരപ്രദേശങ്ങളില്‍ സൈന്യം ആക്രമണം തുടങ്ങിക്കഴിഞ്ഞതായി ഇസ്രയേലി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിശ്ചിതലക്ഷ്യസ്ഥാനങ്ങള് കേന്ദ്രീകരിച്ചുമാത്രമേ ആക്രമണം നടത്തൂ എന്നും അറിയിച്ചു. മുന്‍പ് ആക്രമണം നടത്തിയിട്ടില്ലാത്ത സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും.
ആഗോള തലത്തിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസവും ഗാസയിലുടനീളം ആക്രമണമുണ്ടായി. ബുധനാഴ്ചനടന്ന ആക്രമണങ്ങളില്‍ 25 പേര് മരിച്ചു. 22 മാസമായി നടക്കുന്ന യുദ്ധത്തിലെ ആകെ മരണസംഖ്യ 62,122 ആയി. ഇതിനിടെ പട്ടിണിമൂലം മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ഇന്നലെയും മൂന്ന് പേരാണ് പട്ടിണിമൂലം മരിച്ചത്. ഇസ്രായേൽ ഉപരോധം കടുപ്പിച്ചതിന് ശേഷം ഇതുവരെ പട്ടിണിമൂലം ഗാസയിൽ മാത്രം മരിച്ചത് 269 പേരാണ്. അതിൽ 116 പേർ കുട്ടികളാണ്.
വെടിനിർത്തൽ നിർദേശങ്ങളോട് ഇതുവരെ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമങ്ങളെയും ഇസ്രായേൽ പരിഗണിച്ചിട്ടില്ല. ഹമാസിനെ ഉന്മൂലം ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നാണ് നിലപാട്. 60 ദിവസത്തെ വെടിനിര്‍ത്തലിനും രണ്ടുഘട്ടമായി ബന്ദികളെ വിട്ടയക്കുന്നതിനുമുള്ള കരാറിനാണ് ഹമാസ് കഴിഞ്ഞദിവസം സമ്മതിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതില്‍ 49 പേര് ഇപ്പോഴും ഗാസയിലുണ്ട്. അതില്‍ 27 പേര് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു.
അറബ് രാജ്യങ്ങൾ മുൻകൈ എടുത്താണ് ചർച്ചകൾ നടക്കുന്നത്. ഈ നിർദേശങ്ങൾ അംഗീകരിക്കാൻ ഹമാസ് സമ്മതം അറിയിച്ചുവെങ്കിലും ഇസ്രായേൽ നിലപാട് വ്യക്തമാക്കിയില്ല. യുദ്ധം അവസാനിപ്പിച്ച ബന്ദികളെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഗാസയിലേക്ക് ടെന്റുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കടത്തിവിടാൻ ഇപ്പോഴും ഇസ്രായേൽ സമ്മതിക്കുന്നില്ലെന്ന് രാജ്യാന്തര ഏജൻസികൾ ആരോപിക്കുന്നു. യു എന്നിന്റെ കണക്കനുസരിച്ച് പതിമൂന്ന് ലക്ഷത്തോളം പേർക്ക് ടെന്റ് ആവശ്യമുണ്ട്. വെസ്റ്റ് ബങ്കിനെ പകുത്ത് മാറ്റുന്ന ഇ -1 കെട്ടിട സമുച്ചയ പദ്ധതിക്കാണ് ഇസ്രായേഷ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്.
ഇതിനിടെ ഗാസയിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ ചികിത്സയ്ക്ക് പോകാനുള്ള മെഡിക്കൽ എമർജൻസി ഉൾപ്പെടെയുള്ള എല്ലാ സന്ദർശക വിസാ നടപടിക്രമങ്ങളും നിർത്തിവെച്ചു. ഗാസയിലെ നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ എമർജൻസിക്ക് ആളുകളെ എത്തിച്ചിരുന്നത് അമേരിക്കയിലായിരുന്നു. ആ സംവിധാനം നിലച്ചതോടെ വൻ പ്രതിസന്ധിയാണ് നേരിടുന്നത്.